‘മാമാങ്കം’തകര്‍ക്കാന്‍ സജീവ് പിള്ളയുടെ ക്വട്ടേഷന്‍; പരാതി നല്‍കി സിനിമാ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍

single-img
21 November 2019

തിരുവനന്തപുരം: ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം എന്ന സിനിമയുടെ മുന്‍ സംവിധായകന്‍ സജീവ് പിള്ളയ്ക്ക് എതിരെ സിനിമാ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ പരാതി. സിനിമയെ തകര്‍ക്കാന്‍ സജീവ് പിള്ള മനപൂര്‍വ്വം ശ്രമം നടത്തുന്നുവെന്ന് ആരോപിച്ചാണ് ആന്റണി ജോസ് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന് പരാതി നല്‍കിയത്.

സമൂഹമാധ്യമങ്ങളില്‍ ചിത്രത്തെ പറ്റി മോശം റിവ്യൂവിന് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഏജന്‍സികള്‍ക്ക് പണം നല്‍കിയിട്ടുണ്ട്. ഇതിനുള്ള തെളിവും പൊലീസിന് നല്‍കിയ പരാതിയ്‌ക്കൊപ്പം സമര്‍പ്പിക്കുന്നതായി ആന്റണി ജോസ് പറഞ്ഞു. റിലീസിന് മുമ്പെ തന്നെ ചിത്രം പരാജയമാണെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്നും അദേഹം വ്യക്തമാക്കി. തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് സൈബര്‍സെല്‍ ഡിവൈഎസ്പിയ്ക്കാണ് പരാതിയുടെ അന്വേഷണ ചുമതല.

ചിത്രത്തിന്റെ ആദ്യഘട്ടത്തിലെ സംവിധായകനായിരുന്നു സജീവ് പിള്ള. വന്‍ സാമ്പത്തികബാധ്യത വരുത്തിവെച്ചതും മികവില്ലെന്നും വ്യക്തമായതിനെ തുടര്‍ന്നാണ് അദേഹത്തെ ഒഴിവാക്കിയത്. ഈ സമയത്ത് 21.75 ലക്ഷം രൂപ അദേഹത്തിന് നല്‍കിയിരുന്നു. എന്നാല്‍ സിനിമയെ തകര്‍ക്കാനുള്ള സംഘങ്ങള്‍ക്കൊപ്പം ചേര്‍ന്ന് സജീവ് പിള്ള പ്രവര്‍ത്തിക്കുന്നുവെന്നും ആന്റണി ജോസ് പരാതിയില്‍ പറയുന്നു.