രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാനുള്ള നിയമവും കൂടി നിലവില്‍ വന്നാല്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കും: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

single-img
17 November 2019

ഇന്ത്യയിൽ ഇനി ജനസംഖ്യ നിയന്ത്രിക്കാനുള്ള നിയമവും കൂടി നിലവില്‍ വന്നാല്‍ താന്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രമൃഗസംരക്ഷണ – ഫിഷറീസ് മന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്. ഭരണഘടനയിൽ നിന്നും കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതും രാമക്ഷേത്രം നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിക്കുക എന്നതുമായിരുന്നു തന്റെ ഏറെനാളായുള്ള ആഗ്രഹങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

ഈ ആഗ്രഹങ്ങൾ നടപ്പിലായ സ്ഥിതിക്ക് ഇനി ജനസംഖ്യാ നിയന്ത്രണ നിയമം കൂടി വേണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. ഇദ്ദേഹം ഏറെനാളായി ആവശ്യപ്പെടുന്ന കാര്യമാണ് ജനസംഖ്യ നിയന്ത്രിക്കാനുള്ള നിയമം. രാജ്യത്തെ വളരുന്ന ജനസംഖ്യ രണ്ടാംഘട്ട കാന്‍സറാണെന്ന് അദ്ദേഹം സെപ്റ്റംബറില്‍ ഡൽഹിയിൽ ഒരു സെമിനാറില്‍ പറഞ്ഞിരുന്നു.

ഇന്ത്യയിലെ ജനസംഖ്യ കൂടുന്നത് സാമ്പത്തിക വ്യവസ്ഥ താളംതെറ്റാനും സാമൂഹിക ഐക്യം തകരാനും കാരണമാകുമെന്ന് ഒരിക്കല്‍ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ജനസംഖ്യ നിയന്ത്രിക്കാനായി എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും മുന്നോട്ടുവരണമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.