രാജ്യത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനം; ദേശീയ പുരസ്‌കാര നിറവില്‍ വീണ്ടും കേരളം

single-img
15 November 2019

ഭിന്നശേഷിക്കാരുടെ സേവനം സമ്പൂര്‍ണതയിലെത്തിക്കുന്നതിനുള്ള മനുഷ്യവിഭവശേഷി രൂപീകരിക്കുന്നതിനും നിഷ് മുഖേന നടത്തുന്ന വിവിധ കോഴ്‌സുകള്‍ മുഖേന സാധ്യമായതും പരിഗണിച്ചുകൊണ്ട് 2019ലെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരത്തിനായി കേരളത്തെ തെരഞ്ഞെടുത്തു.

സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. അടുത്തമാസം മൂന്നിന് ലോക ഭിന്നശേഷി ദിനത്തില്‍ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കും. സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നടപ്പിലാക്കി വരുന്ന നൂതന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് മന്ത്രി പറഞ്ഞു.

കേരളത്തില്‍ നിന്നും ഒന്നിലധികം വിഭാഗങ്ങളിൽ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുൻപ് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും മികച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് ആദ്യമായാണ് ലഭിക്കുന്നത്. ഈ നേട്ടം വകുപ്പിന്റെ മുഴുവൻ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴില്‍ വിവിധ ഏജന്‍സികളായ ഭിന്നശേഷിക്കാരുടെ സംസ്ഥാന കമ്മീഷണറേറ്റ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ഹിയറിംഗ്, കേരള സാമൂഹ്യസുരക്ഷാ മിഷന്‍, വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, നിപ്മര്‍ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളിലൂടെ ഭിന്നശേഷിക്കാരുടെ വികസന പരിപാടികള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന് വകുപ്പിന് ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്.