ശബരിമല ദർശനം നവംബർ 20-ന് ശേഷം; കൃസ്ത്യാനിയെന്ന ജനം ടിവിയുടെ ആരോപണം തെറ്റ്: തൃപ്തി ദേശായി ഇവാർത്തയോട്

single-img
14 November 2019

സുപ്രീം കോടതി സ്ത്രീ പ്രവേശന വിധി സ്റ്റേ ചെയ്യാതിരുന്ന സാഹചര്യം പരിഗണിച്ച് താൻ ശബരിമല സന്ദർശിക്കുമെന്ന്
ഭൂമാതാ ബ്രിഗേഡിന്റെ സ്ഥാപകനേതാവ് തൃപ്തി ദേശായി. നവംബർ 20-ന് ശേഷമായിരിക്കും താൻ ശബരിമല സന്ദർശിക്കുകയെന്നും തൃപ്തി ദേശായി അറിയിച്ചു.

ഇവാർത്തയ്ക്ക് അനുവദിച്ച പ്രത്യേക ഫോൺ ഇൻ അഭിമുഖത്തിലായിരുന്നു തൃപ്തി ദേശായി ഇപ്രകാരം പറഞ്ഞത്.

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധി മുസ്ലീം സ്ത്രീകൾക്കും പാഴ്സി സ്ത്രീകൾക്കും അവരുടെ ആരാധനാലയങ്ങളിൽ പ്രവേശിപ്പിക്കുന്നതിനും ബാധകമാകുമോയെന്ന് പരിശോധിക്കാൻ കൂടിയാണ് ഹർജികൾ ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. എന്നാൽ സവിശേഷമായ സംഗതി 2018-ലെ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല എന്നതാണ്. അതുകൊണ്ട് തന്നെ മണ്ഡലക്കാലം ആരംഭിക്കുമ്പോൾ സ്ത്രീകളെ സുരക്ഷിതമായി ക്ഷേത്രത്തിനുള്ളിൽ എത്തിച്ച് ദർശനം നടത്തുക എന്നത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും തൃപ്തി ദേശായി പറഞ്ഞു.

എതിർക്കുന്നവരോട് ഒന്നുമാത്രമേ പറയാനുള്ളൂ. ഇത് സുപ്രീം കോടതി വിധിയാണ്. അയോധ്യാ വിധിയെ എല്ലാവരും സമാധാനപരമായിട്ടാണ് സ്വീകരിച്ചതെന്നത് ഇവർ മറക്കരുത്. തികച്ചും ഗാന്ധിമാർഗത്തിലാകും തങ്ങൾ ശബരിമലയിൽ പ്രവേശിക്കുകയെന്നും അവർ പറഞ്ഞു.

“ഞങ്ങളെ എതിർക്കുന്ന ഹിന്ദുത്വവാദികളോട് ഒന്ന് മാത്രമേ പറയാനുള്ളൂ. ഹിന്ദുദർശനത്തിൽ സ്ത്രീകളെ ദേവീതുല്യരായിട്ടാണ് പരിഗണിക്കുന്നത്. ഇത് മതത്തിനെതിരായിട്ടുള്ള സമരമല്ല. ഇത് തുല്യതയ്ക്കായുള്ള സ്ത്രീകളുടെ അവകാശത്തിനായുള്ള പോരാട്ടമാണ്. ഇതിൽ ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണയാണ് വേണ്ടത്”

തൃപ്തി ദേശായി പറഞ്ഞു.

” സംഘപരിവാർ സംഘടനകൾ ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണ്. ഞാൻ ശനി ശിദ്നാപ്പൂർ ക്ഷേത്രത്തിലെയും ഹാജി അലി ദർഗയിലേയും സ്ത്രീ പ്രവേശനത്തിനായി സമരം ചെയ്തപ്പോൾ പിന്തുണച്ചവരാണിവർ. ആ സമരങ്ങൾക്ക് ദേവേന്ദ്ര ഫഡ്നവിസ് നയിക്കുന്ന ബിജെപി സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടായിരുന്നു. അതേ ആളുകൾ ശബരിമലയിൽ അതേ കാര്യത്തിനെ എതിർക്കുന്നത് ഇരട്ടത്താപ്പാണ്.”

അവർ കൂട്ടിച്ചേർത്തു.

ഇത്രയും രാഷ്ട്രീയനാടകങ്ങൾ നടത്തിയിട്ടും കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ഒരു ഹിന്ദുത്വവാദികളെയും വോട്ട് ചെയ്ത് ജയിപ്പിച്ചിട്ടില്ലെന്ന യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട് ഹിന്ദുത്വ സംഘടനകൾ സ്ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്യണമെന്നാണ് തന്റെ നിലപാടെന്നും തൃപ്തി ദേശായി അറിയിച്ചു.

“ജനം ടിവി എനിക്കെതിരെ വലിയ അപവാദ പ്രചാരണം ആണ് നടത്തിയത്. ഞാൻ ഒരു മതത്തിലേയ്ക്കും പരിവർത്തനം നടത്തിയിട്ടില്ല. ഞാൻ ഹിന്ദുവാണ്. ദൈവവിശ്വാസിയും ഭക്തയുമാണ്. ഇത്തരത്തിൽ നുണ പ്രചാരണം നടത്തുന്നത് ശരിയല്ല.”

തൃപ്തി പറയുന്നു.

താൻ സമരം ചെയ്യുന്നത് ഏതെങ്കിലും മതത്തിനു വേണ്ടിയല്ല സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയാണ്. ജനം ടിവിയുടെ വ്യാജവാർത്ത തനിക്ക് മാനസികമായി പ്രയാസമുണ്ടാക്കിയെന്നും തൃപ്തി ദേശായി പറഞ്ഞു.

English description: Trupti Desai Malayalam Interview