’15 കിലോ ഭാരമുള്ള സാരിയും 45 കിലോ ഭാരമുള്ള ഞാനും’ ; ‘ആദ്യരാത്രിയിലെ’ അനുഭവം പങ്ക് വച്ച് അനശ്വര രാജന്‍

single-img
13 November 2019

ആകെ വെറും 45 കിലോ ഭാരമുള്ള ഞാന്‍ ആ സിനിമയിൽ ഉടുത്തത് 15 കിലോ ഭാരം വരുന്ന സാരി. ആദ്യരാത്രി എന്ന സിനിമയുടെ അനുഭവം പങ്കുവച്ച് നടി അനശ്വര രാജൻ പറയുന്നു. ബിജുമേനോന്‍ നായകനായ ചിത്രം ആദ്യരാത്രിയിലായിരുന്നു അനശ്വര നവവധുവിന്റെ വേഷത്തില്‍ എത്തിയത്. ഈ ചിത്രത്തിനായി വധുവായുള്ള അണിഞ്ഞൊരുങ്ങല്‍ മറക്കാനാകാത്ത അനുഭവമായിരുന്നുവെന്നും അനശ്വര പറഞ്ഞു. സിനിമയ്ക്കായി നവവധുമായി അണിഞ്ഞൊരുങ്ങിയ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചായിരുന്നു അനശ്വരയുടെ കുറിപ്പ്.

അനശ്വര പറയുന്നത്:

“ഞാൻ സ്‌കൂളിൽ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മയുടെ സാരിയും കുറച്ച് ആഭരണവും അണിഞ്ഞ് വധുവിനെപ്പോലെ ഒരുങ്ങുമായിരുന്നു. അപ്പോൾ വിവാഹത്തിന് ഞാന്‍ എങ്ങനെ അണിഞ്ഞൊരുങ്ങണമെന്നും എന്ത് സാരിയും ആഭരണങ്ങളുമാണ് അണിയേണ്ടതെന്നും ഓര്‍ക്കാറുണ്ട്. ഇപ്പോൾ അത് സിനിമയില്‍ സാധിച്ചു.

ഇത് ഒരു രസകരമായ കാര്യമല്ലേ. എന്റെ വിവാഹദിവസം എങ്ങനെയാണെന്നും നമ്മുടെ ഒരുക്കവുമൊക്കെ അറിയാന്‍ കഴിഞ്ഞില്ലേ? എന്നാൽ സത്യം പറയട്ടേ, ഇത്രയും വലിയ ആടയാഭരണങ്ങള്‍ അണിഞ്ഞ് ഇങ്ങനെ നില്‍ക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. വിവാഹത്തിന്റെദിവസം എങ്ങനെയാണ് ഈ വസ്ത്രമൊക്കെ അണിഞ്ഞ് വധു ഇത്ര പുഞ്ചിരിയോടെ നില്‍ക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല.

ആദ്യരാത്രി എന്ന സിനിമയില്‍ ഞാന്‍ അണിഞ്ഞത് 15 കിലോ ഭാരം വരുന്ന സാരിയും ആഭരണങ്ങളുമാണ്. എനിക്കാകട്ടെ ആകെ 45 കിലോ ഭാരമാണ് ഉള്ളത്.തലയിൽ മുടിയാണെങ്കില്‍ ഞെരുങ്ങി ഇരിക്കുന്നതുകാരണം ചൊറിയുകയുമാണ്. സത്യം പറഞ്ഞാൽ നേരെചൊവ്വേ ശ്വാസം വിടാന്‍പോലും കഴിഞ്ഞില്ല. എന്ത് തന്നെയായാലും ആഭരണത്തിന്റെ കാര്യത്തില്‍ ഇനി അല്‍പം നിയന്ത്രണംവയ്ക്കണം”.