ഇന്ത്യയിലേക്ക് നാടുകടത്തുകയോ കൈമാറുകയോ ചെയ്താല്‍ ആത്മഹത്യ ചെയ്യും; ലണ്ടന്‍ കോടതിയിൽ നീരവ് മോദി

single-img
7 November 2019

ഇന്ത്യയിൽ നടത്തിയ ശതകോടികളുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ബ്രിട്ടനില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യൻ വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ യു കെ കോടതി വീണ്ടും തള്ളി. താൻ കടുത്ത വിഷാദരോഗത്തിന് അടിമയാണെന്നും താങ്ങാനാവാത്ത ഉത്കണ്ഠ അനുഭവിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് നീരവ് മോദി കോടതിയിൽ ജാമ്യത്തിനായി അപേക്ഷ സമീപിച്ചത്.

എന്നാൽ ,തന്നെ ഇന്ത്യയിലേക്ക് നാടുകടത്തുകയോ കൈമാറുകയോ ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് കോടതിയിൽ നീരവ് മോദി ഭീഷണി മുഴക്കി. കോടതിയിൽ നിന്നും ജാമ്യം ലഭിച്ചാല്‍ വീട്ടുതടങ്കലില്‍ കഴിയാന്‍ സന്നദ്ധനാണെന്നും 40 ലക്ഷം പൌണ്ട് ജാമ്യത്തുകയായി കെട്ടിവെക്കാന്‍ തയാറാണെന്നും മോദി കോടതിയെ അറിയിച്ചിരുന്നു. പക്ഷെ ജാമ്യം ലഭിച്ചാല്‍ രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യ ഹര്‍ജി തള്ളുകയായിരുന്നു.

അതോടുകൂടിയായിരുന്നു നീരവ് മോദിയുടെ ഭീഷണി. കേസില്‍, അടുത്ത മാസം നാലിനാണ് അടുത്ത വാദം കേള്‍ക്കുക. തട്ടിപ്പു നടത്തിയ ശേഷം ഇന്ത്യ വിട്ട മോദിയെ പതിനേഴ് മാസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.