കെട്ടിടം പൊളിഞ്ഞു വീഴാറായ നിലയിൽ: വൈദ്യുത വകുപ്പിലെ ജീവനക്കാർ എത്തുന്നത് ഹെൽമറ്റ് ധരിച്ച്

single-img
5 November 2019

രാവിലെ സർക്കാർ ഓഫീസിലെത്തിയ നാട്ടുകാർ അമ്പരന്നു. ജീവനക്കാർ കസേരയിൽ ഇരിക്കുന്നതും അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതുമെല്ലാം ഹെൽമറ്റ് ധരിച്ചുകൊണ്ട്. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലെ വൈദ്യുത വകുപ്പിന്റെ ഓഫീസിലായിരുന്നു ഈ വിചിത്രമായ കാഴ്ച.

ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടം ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായതിനാലാണ് ജീവനക്കാർ ഇത്തരമൊരു മുൻകരുതൽ എടുത്തിരിക്കുന്നത്. കെട്ടിടത്തിന്റെ മേൽക്കൂര പൊളിഞ്ഞ് തങ്ങളുടെ മേലേയ്ക്ക് വീഴുമെന്നാണ് ജീവനക്കാരുടെ ഭയം.

താൻ ഈ ഓഫീസിലെത്തിയിട്ടു രണ്ടു വർഷമാകുന്നുവെന്നും അന്നുമുതലേ കെട്ടിടം ഈ അവസ്ഥയിലാണെന്നും ഒരു ജീവനക്കാരൻ വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു. തങ്ങൾ പലതവണ അധികാരികളോട് പരാതിപ്പെട്ടിട്ടും ഫലമൊന്നുമുണ്ടായില്ലെന്നും ജീവനക്കാർ പറയുന്നു.

ഓഫീസിന്റെ ദയനീയാവസ്ഥ എഎൻഐ പുറത്തുവിട്ട ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. മേശകളോ അലമാരകളോ ഇല്ലാത്ത ഓഫീസിനുള്ളിൽ പേപ്പറുകളും ഫയലുകളും എല്ലാം ചിതറിക്കിടക്കുകയാണ്. മേൽക്കൂര നിറയെ ദ്വാരങ്ങളാണ്. മുറിയ്ക്കുള്ളിലെ ഒരു തൂണിന്റെ ബലത്തിലാണ് മേൽക്കൂരയടക്കം എല്ലാം നിൽക്കുന്നത്.