വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ നമ്പര്‍ പോണ്‍ സൈറ്റില്‍ പോസ്റ്റ് ചെയ്തു; സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു

single-img
3 November 2019

പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ നമ്പര്‍ പോണ്‍ സൈറ്റില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഒരാള്‍ക്കെതിരെ സൈബര്‍ പോലീസ് കേസെടുത്തു. പരാതിക്കാരിയായ പെണ്‍കുട്ടി വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സെപ്തംബറില്‍ ആയിരുന്നു സുഹൃത്ത് നമ്പര്‍ സൈറ്റിൽ അപ്ലോഡ് ചെയ്തത്.

ഇതിനെ തുടർന്ന് അറുപതോളം ഫോണ്‍ കോളുകളാണ് പെണ്‍കുട്ടിക്ക് ലഭിച്ചത്. ഈ കോളുകളിൽ വാട്സ്ആപ്പില്‍ നിന്നുള്ള വീഡിയോ കോളുകളും ഓഡിയോ കോളുകളും ഉണ്ടായിരുന്നു. ഫോൺ കോളുകൾ തുടര്‍ന്നതോടെ മാനസ്സികമായി തളര്‍ന്ന പെണ്‍കുട്ടിക്ക് പരീക്ഷ ശരിയായി എഴുതാന്‍ സാധിച്ചില്ല.

കഴിഞ്ഞ സെപ്തംബര്‍ 23നായിരുന്നു മൊബൈല്‍ നമ്പര്‍ നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. രണ്ട് ദിവസങ്ങൾക്ക് ശേഷം 25നാണ് സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പരാതി നല്‍കിയത്. പെണ്‍കുട്ടിയെ പരിചയമുള്ള സുഹൃത്ത് തന്നെയാണ് നമ്പര്‍ നല്‍കിയതെന്ന് സൈബര്‍ പോലീസ് വ്യക്തമാക്കി.

“നിലവിൽ മൂന്ന് പോണ്‍സൈറ്റുകളില്‍ നിന്ന് പെണ്‍കുട്ടിയുടെ നമ്പര്‍ എടുത്തുമാറ്റിയിട്ടുണ്ട്.അതേപോലെ തന്നെ പെണ്‍കുട്ടിക്ക് വീഡിയോ ഓഡിയോ കോളുകള്‍ ചെയ്ത നമ്പറുകള്‍ പോലീസ് ശേഖരിക്കുകയും ചെയ്തു. സംഭവത്തിൽ തനിക്ക് ആരെയും സംശയമില്ലെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തുകയും വിവരം പെണ്‍കുട്ടിയെ അറിയിക്കുകയും അയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു” – സൈബര്‍ പോലീസ് പറഞ്ഞു.