മുതിർന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു

single-img
31 October 2019

മുതിര്‍ന്ന സിപിഐ. നേതാവ് ഗുരുദാസ് ദാസ് ഗുപ്ത(83) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ബംഗ്‌ളാദേശിലെ ബരിസാലില്‍ 1936 നവംബര്‍ മൂന്നിന് ദുര്‍ഗ പ്രസന്ന ഗുപ്തയുടെയും നിഹാര്‍ദേവിയുടെയും മകനായാണ് ജനനം.

മൂന്നുവട്ടം രാജ്യസഭാംഗവും രണ്ടു തവണ ലോക്‌സഭാംഗവുമായിട്ടുണ്ട്. 2004ല്‍ പശ്ചിമബംഗാളിലെ പാംസ്കുഡയില്‍നിന്നും 2009ല്‍ ഘട്ടാലില്‍നിന്നുമാണ് ലോക്‌സഭാംഗമായത്. പാർലമെന്റിലെ ഇടതുപക്ഷത്തിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു ഗുരുദാസ് ദാസ് ഗുപ്ത.

സിപിഐ ദേശീയ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സി.പി.ഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗമാണ്. ദീര്‍ഘകാലം എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാർലമെന്റിൽ നിരവധി സുപ്രധാന വിഷയങ്ങൾ ഉന്നയിക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്. 2014ൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ജയശ്രീ ദാസ്ഗുപ്തയാണ് ഭാര്യ.