ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സൂചന

single-img
27 October 2019

വാഷിങ്ടണ്‍: അമേരിക്ക നടത്തിയ സൈനിക നീക്കത്തില്‍ ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സൂചന. സിറിയയിലെ ഐഎസ് ഭീകരര്‍ക്കെതിരേയായിരുന്നു അമേരിക്കയുടെ നടപടി. ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പുറത്ത് വരുന്നത്.

റിപ്പോട്ടുകളെ ശരിവെയ്ക്കുന്ന തരത്തില്‍ ശനിയാഴ്ച ട്രംപ് ഒരു ട്വീറ്റും പങ്കുവെച്ചിരുന്നു. വലിയ കാര്യം സംഭവിച്ചു എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. അതേസമയം സിറിയയിലെ ഐഎസ് ഭീകരര്‍ക്കെതിരേ സൈനിക നടപടി നടത്തിയെന്ന സൂചന നല്‍കി വൈറ്റ് ഹൗസും രംഗത്ത് വന്നു.

പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോള്‍ ബാഗ്ദാദി ശരീരത്തില്‍ സ്‌ഫോടക വസ്തു വെച്ചു കെട്ടി മരിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡിഎന്‍എ ബയോമെട്രിക് ടെസ്റ്റുകള്‍ക്ക് ശേഷം മാത്രമേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവൂ.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിഞ്ഞിരുന്ന ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ പ്രതിഫലം നല്‍കുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് 2011-ല്‍ പ്രഖ്യാപിച്ചിരുന്നു.