ദീപാവലി ദിനത്തില്‍ അയോധ്യയില്‍ 5100 ദീപങ്ങള്‍ തെളിയിക്കാന്‍ വിഎച്ച്പി നീക്കം; അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം

single-img
14 October 2019

കോടതിയില്‍ അന്തിമ വാദം നടക്കുന്ന അയോധ്യ തര്‍ക്ക ഭൂമിയില്‍ ദീപാവലി ദിനത്തില്‍ 5100 മണ്‍ചിരാതു വിളക്കുകള്‍ തെളിയിക്കാനുള്ള നീക്കവുമായിവിശ്വ ഹിന്ദു പരിഷത്ത്. എന്നാല്‍ ഈ നീക്കത്തെ തടഞ്ഞ് ജില്ലാ ഭരണകൂടം രംഗത്തെത്തി.

കോടതിയുടെ അനുമതി ഇല്ലാതെ ഒരു തരത്തിലുള്ള മതാചാരങ്ങളും തര്‍ക്ക ഭൂമിയില്‍ അനുവദിക്കില്ലെന്നാണ് അയോധ്യ തര്‍ക്ക ഭൂമിയുടെ സുരക്ഷാചുമതലയ്ക്കായി സുപ്രീം കോടതി നിയോഗിച്ച ഫൈസാബാദ് ഡിവിഷണല്‍ കമ്മീഷണര്‍ മനോജ് മിശ്ര അറിയിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് വിശ്വഹിന്ദു പരിഷത്തിന്റെ പ്രതിനിധി ശരത് ശര്‍മ ദീപാവലി ദിനത്തില്‍ അയോധ്യ ഭൂമിയില്‍ വിളക്കു കത്തിക്കുമെന്ന് അറിയിച്ചത്.

ഇതനുസരിച്ച് വിഎച്ച്പിയുടെ ഒരു സംഘം അയോധ്യ തര്‍ക്കഭൂമിയുടെ സുരക്ഷാചുമതലയുള്ള ഡിവിഷണല്‍ കമ്മീഷണര്‍ മനോജ് മിശ്രയെ സമീപിക്കുമെന്നും അറിയിച്ചിരുന്നു. അടുത്തമാസം 17 ന് രാമക്ഷേത്ര-ബാബരി മസ്ജിദ് വിവാദ തര്‍ക്കഭൂമിക്കേസില്‍ വിധി വരുമെന്നാണ് സൂചന.

അതുകൊണ്ടുതന്നെ ഡിസംബര്‍ 10 വരെ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം,കേസില്‍ വ്യാഴാഴ്ച്ചയ്ക്കകം വാദം പൂര്‍ത്തിയാവും. ഒക്ടോബര്‍ 18 നുള്ളില്‍ അയോധ്യ കേസിലെ വാദം അവസാനിപ്പിക്കാന്‍ എല്ലാ കക്ഷികള്‍ക്കും സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരുന്നു.