യുപിയിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു: ഒരാഴ്ചയ്ക്കുള്ളിൽ സമാനമായ 3 കൊലപാതകങ്ങൾ

single-img
13 October 2019

സഹാരൻപൂർ: ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ അജ്ഞാതർ വെടിവെച്ചുകൊന്നു. സഹാരൻപൂർ ജില്ലയിലെ ദിയോബന്ദ് മുനിസിപ്പാലിറ്റിയിലെ കൌൺസിലർ ആയ ധാരാ സിങ് (47) ആണ് ബൈക്കിലെത്തിയ രണ്ട് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

ഒരാഴ്ചയ്ക്കുള്ളിൽ ഉത്തർപ്രദേശിൽ നടക്കുന്ന സമാനമായ മൂന്നാമത്തെ കൊലപാതകത്തിന്റെ ഇരയാണ് ധാരാ സിങ്.

പ്രദേശത്തുള്ള ഒരു പഞ്ചസാര ഫാക്ടറിയുടെ സെക്ടർ ഇൻ ചാർജ്ജ് ആയി ജോലി ചെയ്യുന്ന ധാരാ സിങ് വീട്ടിൽ നിന്നും ജോലിസ്ഥലത്തേയ്ക്ക് പോകുന്ന വഴിയിലുള്ള റൺഖണ്ഡി റെയിൽവേ ലെവൽ ക്രോസിനടുത്തു വെച്ചാണ് അക്രമികൾ അദ്ദേഹത്തിന് നേരേ വെടിയുതിർത്തത്. വെടിയേറ്റ ധാരാ സിങ് സംഭവസ്ഥലത്തു വെച്ചുതന്നെ മരണത്തിന് കീഴടങ്ങി.

കൊലപാതകത്തിന് പിന്നിലുള്ള കാരണമറിയാൻ ധാരാ സിങിന്റെ കുടുംബാംഗളുമായി സംസാരിച്ചുവരികയാണെന്ന് സഹാരൻപൂർ പൊലീസ് സൂപ്രണ്ട് ദിനേശ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ധാരാ സിങിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചതായും അദ്ദേഹം അറിയിച്ചു.

ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് വെടിയേറ്റുമരിക്കുന്ന മൂന്നാമത്തെ ബിജെപി നേതാവാണ് ധാരാ സിങ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദിയോബന്ദിലെ മറ്റൊരു ബിജെപി നേതാവ് ചൌധരി യശ്പാൽ സിങിനെ ബൈക്കിലെത്തിയ അജ്ഞാതർ വെടിവെച്ചുകൊന്നത്. രണ്ടുദിവസത്തിന് ശേഷം ബസ്തി എന്ന സ്ഥലത്ത് ബിജെപി നേതാവ് കബീർ തിവാരിയെ അജ്ഞാതർ വെടിവെച്ചു കൊലപ്പെടുത്തിയത് വിദ്യാർത്ഥി സംഘടനകളുടെ വലിയ പ്രതിഷേധത്തിലേയ്ക്കും ഏറ്റുമുട്ടലിലേയ്ക്കും നയിച്ചിരുന്നു. പ്രതിഷേധക്കാർ സർക്കാർ വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.