വ്യാജവിദ്യാഭ്യാസ രേഖ: വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനെതിരെ പരാതി

single-img
13 October 2019

വനിതാ കമ്മീഷൻ അംഗവും മുൻ കോൺഗ്രസ് നേതാവുമായ ഷാഹിദ കമാൽ തെരെഞ്ഞെടുപ്പ് കമ്മീഷന് വ്യാജ വിദ്യാഭ്യാസരേഖ സമർപ്പിച്ചതായി പരാതി. 2009ലും 2011ലും തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലും വനിതാ കമ്മീഷന്‍ അംഗമാവാന്‍ നല്‍കിയ അപേക്ഷയിലും  ബികോം ബിരുദമെന്ന് കാണിച്ചത് തെറ്റാണെന്ന് കേരള സര്‍വകലാശാല നൽകിയ വിവരാവകാ‍ശരേഖകൾ വ്യക്തമാക്കുന്നു.

സത്യസന്ധതയും ധര്‍മനീതിയും  ലംഘിച്ചാണ് ഷാഹിദ കമാൽ വനിത കമ്മീഷന്‍ അംഗമായതെന്ന് ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. വനിതാ കമ്മീഷന് അംഗമാവാന്‍ സമര്‍പ്പിച്ച അപേക്ഷയിലും ചടയമംഗലത്തും കാസര്‍കോട്ടും മല്‍സരിച്ചപ്പോളും ഷാഹിദ കമാല്‍ സൂചിപ്പിച്ചിരുന്ന വിദ്യാഭ്യാസ യോഗ്യത ബികോം ആണ്.  ഷാഹിദ ബീവി എന്ന ഷാഹിദ കമാല്‍ 87 –90 കാലഘട്ടത്തില്‍ അഞ്ചല്‍ സെന്‍് ജോണ്‍സ് കോളില്‍ നിന്നാണ്  ബിരുദം നേടിയതെന്നും  സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ആ കാലഘട്ടത്തില്‍ ഷാഹിദ ബീവി എന്ന വിദ്യാര്‍ഥിനി ബിരുദം പാസായിട്ടില്ലെന്ന് കേരള സര്‍വകലാശാലയുടെ വിവരാവാകാശ രേഖ വ്യക്തമാക്കുന്നു. വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച ഷാഹിദ കമാല്‍ വനിതാ കമ്മീഷനില്‍ ഇരിക്കാന്‍ യോഗ്യയല്ലെന്ന് കാണിച്ചാണ് വിജിലന്‍സിന് പരാതി.

രണ്ടുവട്ടം കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷാഹിദ കമാൽ ഈയടുത്ത് കോൺഗ്രസിൽ നിന്നും രാജിവെച്ച് സിപിഐ എമ്മിൽ ചേർന്നിരുന്നു. തുടർന്നാണ് വനിതാ കമ്മീഷനിൽ അംഗമായത്.