ഒന്നിലധികം ഭർത്താക്കന്മാരുണ്ടാകുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് ഗുണകരമെന്ന് ഗവേഷകർ

single-img
11 October 2019

ഒന്നിലധികം ഭർത്താക്കന്മാർ ഉണ്ടാകുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് ഗുണകരമെന്ന് ഗവേഷകർ. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഗവേഷണ സ്ഥാപനമായ റോയൽ സൊസൈറ്റിയുടെ ജീവശാസ്ത്രവിഭാഗം ജേർണലിൽ ( Proceedings of the Royal Society B) ആണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചില സമൂഹങ്ങളിൽ സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികളെ മറികടക്കാൻ ഒന്നിലധികം ഭർത്താക്കന്മാരുള്ള സ്ത്രീകൾക്ക് എളുപ്പത്തിൽ സാധിക്കുന്നത് അവരുടെ ആരോഗ്യം നന്നായിരിക്കാൻ സഹായിക്കുമെന്നാണ് പഠനം പറയുന്നത്.

യുസി ഡേവിസ് സർവ്വകലാശാലയിലെ നരവംശ ശാസ്ത്രവിഭാഗം പ്രൊഫസറായ മൊണീക് ബൊർഗർഹോഫ് മുൾഡർ, മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷണറി ആന്ത്രപ്പോളജി (പരിണാമ നരവംശ ശാസ്ത്രം)യിലെ ഗവേഷകനായ കോഡി റോസ് എന്നിവർ ചേർന്നാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

നിരവധി ഭർത്താക്കന്മാരെ തുടർച്ചയായി സ്വീകരിക്കുന്ന ഒരു സ്ത്രീയ്ക്ക് കൂടുതൽ അതിജീവിക്കുന്ന കുട്ടികളെ സൃഷ്ടിക്കാനുള്ള പ്രവണതയുണ്ടാകുമെന്ന് പഠനം പറയുന്നു. ഇതേകാര്യം തിരിച്ച് പുരുഷന്മാരുടെ കാര്യത്തിൽ വിപരീതഫലങ്ങളാണ് ഉണ്ടാക്കുന്നത്.

“ജീവിതാവശ്യങ്ങൾ ഏറിവരികയും പുരുഷന്റെ സാമ്പത്തിക ഉല്പാദന ശേഷിയും ആരോഗ്യവും ജീവിതകാലത്തിനിടയിൽ വളരെ പെട്ടെന്ന് മാറുകയും ചെയ്യുന്ന തരം പാരിസ്ഥിതിക അന്തരീക്ഷമാണ് നിലവിലുള്ളത്. ഇത്തരം സാഹചര്യത്തിൽ ഒന്നിലധികം പുരുഷന്മാരെ വിവാഹം കഴിക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ച് ഒരു ബുദ്ധിപരമായ നീക്കമായിരിക്കും.”

പ്രൊഫ. മുൾഡർ പറയുന്നു.

പടിഞ്ഞാറൻ ടാൻസാനിയയിലെ പിംബ്വെ എന്ന ഗ്രാമത്തിലെ ജനസംഖ്യാ വിവരങ്ങൾ ( ജനന-മരണ കണക്കുകൾ, വിവാഹങ്ങൾ, വിവാഹമോചനങ്ങൾ) ശേഖരിച്ചാണ് ഈ പഠനം നടത്തിയത്.