ഇന്ത്യയിലെ സമ്പന്നന്മാരില്‍ ഒന്നാമന്‍ മുകേഷ് അംബാനി; ആദ്യമുപ്പതില്‍ ഇടംനേടി മലയാളി വ്യവസായി എം എ യൂസഫലി

single-img
11 October 2019

ഈ വർഷവും ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ മുകേഷ് അംബാനി തന്നെ. ഫോബ്‌സ് മാസിക പുറത്തിറക്കിയ പുതിയ പട്ടികയിൽ 51.4 ബില്യണ്‍ ഡോളര്‍ (ഏകദേശം 3.62 ലക്ഷം കോടി രൂപ) യാണ് മുകേഷ് അംബാനിയുടെ ആസ്തി. കഴിഞ്ഞ വർഷത്തെ പട്ടികയിൽ പത്താം സ്ഥാനത്തായിരുന്ന ഗൗതം അദാനി 15.7 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി രണ്ടാം സ്ഥാനത്തെത്തി. തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്ത് 15.6 ബില്യണ്‍ ഡോളര്‍ (ഏതാണ്ട് 11,08,78,56,00,000 ഇന്ത്യന്‍ രൂപ) ആസ്തിയുമായി അശോക് ലെയ്‌ലന്‍ഡിന്റെ ഉടമസ്ഥരായ ഹിന്ദുജ ബ്രദേഴ്‌സ് ആണ്.

നാലാം സ്ഥാനം ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് ഉടമ പല്ലോന്‍ജി മിസ്ത്രിയും അഞ്ചാം സ്ഥാനത്ത കൊട്ടക് മഹീന്ദ്ര ബാങ്ക് ഉടമ ഉദയ് കൊട്ടക്കും ആറാം സ്ഥാനത്ത് എച്ച് സി എല്‍ ടെക്‌നോളജീസ് ഉടമ ശിവ് നടാരുമാണ്.

അതേസമയം രാധാകൃഷ്ണന്‍ ദമാനി (അവന്യൂ സൂപ്പര്‍മാര്‍ട്‌സ് ഉടമ) ഏഴാമതായും ആദി ഗോദ്‌റേജ് (ഗോദ്‌റേജ് ഗ്രൂപ്പ് ചെയര്‍മാന്‍) എട്ടാമതായും ലക്ഷ്മി മിത്തല്‍ ഒമ്പതാം സ്ഥാനത്തും കുമാരമംഗലം ബിര്‍ല പത്താം സ്ഥാനവും സ്വന്തമാക്കി.

ഈ പട്ടികയിൽ ആദ്യ മുപ്പത്തില്‍ ഇടം പിടിച്ച് ഒരെയൊരു മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി മാത്രമാണ്. 4.3 ബില്യണ്‍ ഡോളര്‍ ( 3,05,57,09,00,000 ഇന്ത്യന്‍ രൂപ)ന്റെ ആസ്തിയുമായി യൂസഫലി 26-ാം സ്ഥാനത്താണ്. ശേഷം 3.1 ബില്യണ്‍ ഡോളറുമായി 43ാം സ്ഥാനത്ത് രവി പിള്ളയുണ്ട്. കേരളത്തിൽ നിന്നുള്ള മുത്തൂറ്റ് ഫൈനാന്‍സ് ഉടമ എ .ജി ജോര്‍ജ് മുത്തൂറ്റ് (3.05 ബില്യണ്‍ ഡോളര്‍), ഇന്‍ഫോസിസ് മുന്‍വൈസ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (2.36 ബില്യണ്‍ ഡോളര്‍), ജെംസ് എഡ്യുക്കേഷന്‍ ഉടമ സണ്ണി വര്‍ക്കി (2.05 ബില്യണ്‍ ഡോളര്‍) എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.