കൂടത്തായി മരണങ്ങൾ ആത്മഹത്യയോ ഹൃദയസ്തംഭനം പോലെയുള്ള കാരണങ്ങൾ കൊണ്ടോ ആകാം: ബിഎ ആളൂര്‍

single-img
10 October 2019

കോഴിക്കോട് കൂടത്തായിയിൽ നടന്ന കൊലപാതക പരമ്പരയില്‍ പ്രതിയായ ജോളിക്ക് വേണ്ടി കോടതിയില്‍ ഹാജരായതില്‍ വിശദീകരണവുമായി അഭിഭാഷകന്‍ ബിഎ ആളൂര്‍. പ്രതി ആവശ്യപ്പെട്ടതിനാലാണ് ആളൂർ അസോസിയേറ്റ്സ് ജോളിക്കു വേണ്ടി ഹാജരായതെന്ന് ബി എ ആളൂർ പറഞ്ഞു. എന്നാൽ ആരാണ് കേസുമായി സമീപിച്ചത് എന്ന് പറയാനാകില്ല.

നിലവിലെ സാഹചര്യ തെളിവുകൾ മാത്രം കൂട്ടിയിണക്കി ജോളിക്കെതിരായ കുറ്റം തെളിയിക്കാൻ കഴിയില്ലെന്നും ആളൂര്‍ പ്രതികരിച്ചു. കൂടത്തായിയിൽ നടന്ന മരണങ്ങൾ ആത്മഹത്യയോ ഹൃദയസ്തംഭനം പോലെയുള്ള കാരണങ്ങൾ കൊണ്ടോ ആകാം. മരണപ്പെട്ടവർ സയനൈഡ് സ്വയം കഴിച്ചതാണോ പ്രതി കൊടുത്തതാണോ എന്നത് തെളിയേണ്ട കാര്യമാണ്.

മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ വിദേശത്ത് രാസ പരിശോധന നടത്തിയാൽ ആറു മാസത്തിനുള്ളിൽ ഫലം ലഭിക്കില്ല. അതുകൊണ്ട്തന്നെ സമയത്ത് കുറ്റപത്രം സമർപ്പിക്കാൻ പോലീസിന് കഴിയില്ലെന്നും ആളൂര്‍ പറയുന്നു. മുൻപ്, കോടതിയിൽ പോലീസിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിക്കവെ കോടതിയിലെത്തിയ ജോളിയില്‍ നിന്ന് അഡ്വ. ബിഎ ആളൂരിന്‍റെ സംഘത്തില്‍പ്പെട്ട അഭിഭാഷകന്‍ വക്കാലത്ത് ഒപ്പിട്ട് വാങ്ങിയിരുന്നു.

ജോളിക്കായി കോടതിയിൽ അഡ്വ. ആളൂര്‍ അസോസിയേഷന്‍റെ ഭാഗമായി ഹാജരായ കെഎസ്‍യു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഹിജാസ് അഹമ്മദിനെ സംഘടനയിൽ നിന്ന് മാറ്റി നിർത്തണമെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. വിപി അബ്ദുൽ റഷീദ് ആവശ്യപ്പെട്ടു.