മലിനീകരണവും ശബ്ദവും കുറവ്; ദീപാവലിക്ക് ഹരിത പടക്കങ്ങള്‍

single-img
7 October 2019

ഡല്‍ഹി: ദീപാവലിക്ക് പടക്കവിപണിയില്‍ ഇനി ഹരിത പടക്കങ്ങളെത്തും.മലീനീകരണവും ശബ്ദവും കുറഞ്ഞതാണ് ഹരിത പടക്കങ്ങള്‍ . കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയവും 395 പടക്കകമ്പനികളും സഹകരിച്ചാണ് ഇവ വിപണിയിലെത്തി ക്കുന്നത്. ശബ്ദവും മലിനീകരണത്തോതും കൂടിയ പടക്കങ്ങള്‍ സുപ്രീം കോടതി നിരോധിച്ച സാഹചര്യത്തിലാണ് നടപടി.

കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് (സിഎസ്‌ഐആര്‍), നാഷനല്‍ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിങ് റിസര്‍ച് (എന്‍ഇഇആര്‍ഐ) എന്നിവയുടെ മേല്‍നോട്ടത്തിലാണു പടക്കങ്ങള്‍ വികസിപ്പിച്ചത്. ബേരിയം നൈട്രേറ്റ് ഇല്ലാതെ നിര്‍മിക്കുന്ന ഈ പടക്കങ്ങളുടെ വായു മലിനീകരണ തോത് സാധാരണ പടക്കങ്ങളേക്കാള്‍ 30 % കുറവാണ്.

ജനപ്രിയ ഇനങ്ങളായ മത്താപ്പൂ, കമ്ബിത്തിരി, കുടച്ചക്രം, റോക്കറ്റ് തുടങ്ങിയവയുടെ പരിഷ്കൃതരൂപം ലഭ്യമാണെന്നു കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കി. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നേടിയാല്‍ മാത്രമേ ഇവ നിര്‍മിച്ചു വില്‍ക്കാനാകൂ. സര്‍ട്ടിഫിക്കറ്റ് നേടിയോ എന്നറിയാന്‍ ഹരിത ലോഗോ, ക്യുആര്‍ കോഡ് എന്നിവ പതിച്ചിട്ടുണ്ടാവും.