മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തു; കോടിയേരിയുമായി പണമിടപാടില്ല; പ്രതികരണവുമായി ദിനേശ് മേനോന്‍

single-img
3 October 2019

ഷിബു ബേബി ജോൺ കോടിയേരിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തിൽ പ്രതികരണവുമായി വ്യവസായി ദിനേശ് മേനോന്‍. കണ്ണൂരിലെ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് പറഞ്ഞ് നിയുക്ത പാലാ എംഎല്‍എ മാണി സി കാപ്പന്‍ 3.5 കോടി തട്ടിയെടുത്തതായി ദിനേശ് മേനോന്‍ പറയുന്നു. ഈ പണത്തിൽ നിന്നും 25 ലക്ഷം മാത്രമാണ് തിരിച്ചു തന്നത്.

എന്നാൽ താൻ കോടിയേരിയെ ഒരിക്കല്‍ മാത്രമാണ് കണ്ടത്. കോടിയേരിയുമായോ അദ്ദേഹത്തിന്റെ മകനുമായോ യാതൊരു പണമിടപാടുമുണ്ടായിട്ടില്ലെന്നും ദിനേശ് മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കാപ്പന്‍ തന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. പണം തിരികെ തരാം എന്ന് പറഞ്ഞിട്ടാണ് ചെക്കുകള്‍ തന്നത്. പക്ഷെ അതെല്ലാം മടങ്ങി.

അതിനുശേഷം ഭൂമി തരാം എന്ന് പറഞ്ഞു. പക്ഷെ അതും തട്ടിപ്പായിരുന്നു. ഒരു ബാങ്കില്‍ 75 ലക്ഷത്തോളം രൂപയ്ക്ക് പണയം വെച്ച കുമരകത്തെ സ്ഥലമാണ് തനിക്ക് തരാമെന്ന് പറഞ്ഞത്. മാണി സി കാപ്പന്‍ തന്നെ പൂര്‍ണമായും വഞ്ചിക്കുകയാണ് ചെയ്തത്. 2012 ല്‍ 25 ലക്ഷം രൂപ മാത്രമാണ് തിരിച്ച് തന്നത്.

വിമാന താവളത്തിന്റെ 16 ശതമാനം ഓഹരി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഏകദേശം 225 കോടിയായിരുന്നു ഓഹരിയുടെ മൂല്യം. ഇതിനായി കണ്ണൂര്‍ വിമാനത്താവളത്തിന്റെ യോഗത്തിന് തന്നെ ക്ഷണിച്ചിരുന്നു. ആ സമയം വി എസ് അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. അന്നത്തെ യോഗത്തിനായാണ് താന്‍ തിരുവനന്തപുരത്ത് വന്നത്.

അന്ന് മാണി സി കാപ്പന്‍ തന്നെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിയുടെ വീട്ടില്‍ കൊണ്ടുപോകുകയായിരുന്നു. അവിടെ വെച്ച് ചായ കുടിച്ച് പിരിഞ്ഞു. ഈ കേസില്‍ മാണി സി കാപ്പന്‍ വിചാരണ നേരിടുകയാണ്. താൻ നൽകിയ പണം തിരിച്ചു കിട്ടാനായി താന്‍ എന്‍സിപി നേതാക്കന്മാരെയും ബന്ധപ്പെട്ടിരുന്നു.

എന്നാൽ മാണി സി കാപ്പന്‍ പാർട്ടിയുടെ ട്രഷറര്‍ ആണെന്നും അദ്ദേഹം എങ്ങനെ പണം കൊണ്ടുവരുന്നു എന്ന കാര്യം തനിക്ക് വിഷയമല്ലെന്നുമായിരുന്നു എന്‍സിപി നേതാവ് പീതാംഭരന്‍ മാസ്റ്റര്‍ പറഞ്ഞത്. അതുകൊണ്ടാണ് താന്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. അന്നൊരിക്കൽ കോടിയേരിയെ അന്ന് കണ്ടതിന് ശേഷം പിന്നെ കണ്ടിട്ടില്ല. കോടിയേരിയുമായോ അദ്ദേഹത്തിന്റെ മകനുമായോ യാതൊരു ഇടപാടുമുണ്ടായിട്ടില്ല.

കാപ്പൻ നൽകിയ മൊഴിയെ കുറിച്ച് കാപ്പനോട് തന്നെ ചോദിക്കണം. കേസിൽ സിബിഐയില്‍ പരാതി നല്‍കിയത് താനാണ്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി തരാമെന്ന് പറഞ്ഞ് പണം വാങ്ങിയിട്ട് കാപ്പന്‍ പറ്റിച്ചു എന്ന് തോന്നിയപ്പോഴാണ് പരാതി നല്‍കിയത്.- ദിനേശ് മേനോൻ പറയുന്നു.