നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ പകർപ്പ് കിട്ടാൻ അവകാശമുണ്ടെന്ന് ദിലീപ് സുപ്രീംകോടതിയിൽ

single-img
3 October 2019

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് കിട്ടാൻ തനിക്ക് അവകാശമുണ്ടെന്ന് ദിലീപ് സുപ്രീംകോടതിയിൽ. ഇതിലെ ദൃശ്യങ്ങൾക്കൊപ്പം ഉണ്ടായിരുന്ന സത്രീ ശബ്ദത്തിൽ കൃത്രിമം കാട്ടിയിട്ടുണ്ടെന്നും ഈ ശബ്ദം കേസ് രേഖകളിൽ പരാമർശിക്കുന്നില്ലെന്നും ദിലീപ് പറഞ്ഞു. ദിലീപിന്റെ ആവശ്യത്തിനുള്ള ഹർജിയിൽ വിധി പറയുന്നതിന് മുൻപ് കേസിലെ ഇരു കക്ഷികളും കേസിലെ വാദങ്ങൾ രേഖാമൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം മെമ്മറി കാർഡിന്റെ പകർപ്പ് കിട്ടിയാൽ മാത്രമേ കേസിലെ തന്റെ നിരപരാധിത്വം തെളിയിക്കാൻ സാധിക്കുകയുള്ളു എന്നാണ് ദിലീപ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ഇതിലെ ദൃശ്യങ്ങൾ തന്റെ കയ്യിൽ നിന്നും മറ്റൊരാളിലേക്ക് പോകില്ലെന്നും അങ്ങനെ പോകാതിരിക്കാനുള്ള സുരക്ഷാ മാർ​ഗങ്ങൾ കോടതി സ്വീകരിക്കണമെന്നും ദിലീപ് ആവശ്യപ്പെടുന്നു. ഇവയിൽ വാട്ടർ മാർക്കിട്ടാൽ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനാകുമെന്നും ദിലീപ് പറഞ്ഞു. മാത്രമല്ല ദൃശ്യങ്ങൾ തന്റെ പക്കലും തന്റെ അഭിഭാഷകന്റെ പക്കലും സുരക്ഷിതമായിരിക്കുമെന്നും ദിലീപ് വ്യക്തമാക്കി.

കാർഡിന്റെ കോപ്പി ദിലീപിന് നൽകരുതെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇത് കാർഡ് ദിലീപിന് നൽകുന്നത് തന്റെ സ്വകാര്യതക്ക് ഭീഷണിയുണ്ടാക്കുമെന്നും നടി സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ പറഞ്ഞിരുന്നു.