രണ്ട് സ്ത്രീകളെ ലൈംഗികമായി അക്രമിച്ച ശേഷം കൊലപ്പെടുത്തിയ കേസ്; അസമിൽ പ്രതിയ്ക്ക് വധശിക്ഷ

single-img
3 October 2019

അസമില്‍ കഴിഞ്ഞ വര്‍ഷം രണ്ട് സ്ത്രീകളെ അതിക്രൂരമായി ലൈംഗികമായി അക്രമിച്ച ശേഷം കൊലപ്പെടുത്തി ട്രെയിനിലെ ശുചിമുറിയില്‍ തള്ളിയ കേസിൽ പ്രതിയ്ക്ക് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. പോലീസ് പ്രതിയായ ബികാസ് ദാസിനെതിരെ ചുമത്തിയ ലൈംഗികാതിക്രമ കേസും കൊലപാതക കുറ്റവും ശരിവെച്ചായിരുന്നു കോടതി വിധി. ഇതിന് പുറമെ പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

പിഴ തുക അടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. കഴിഞ്ഞ വർഷം ജൂലൈയിലാണ് രണ്ടു ദിവസങ്ങളിലായി രണ്ടു സ്ത്രീകളെ ട്രെയിനിലെ ശുചിമുറികളില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. ജൂലൈ മാസം പത്തിന് സിമാലുഗുരി റെയില്‍വേ സ്റ്റേഷനില്‍ കാമാഖ്യ എക്‌സ്പ്രസിലെ ശുചിമുറിയില്‍ വെച്ച് ഒരു 21 വയസ്സുള്ള വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും അടുത്ത ദിവസം ദിബ്രുഘട്ട്-രാജസ്ഥാന്‍ ആവാദ് അസം എക്‌സ് പ്രസിലെ ഭിന്നശേഷിക്കാരുടെ കോച്ചിലെ ശുചിമുറിയില്‍ നിന്ന് മറ്റൊരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് ബികാസ് ദാസിനെ ജൂലൈ 12 നു തന്നെ അറസ്റ്റു ചെയ്തിരുന്നു. ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹത്തിനരികില്‍ നിന്ന് രണ്ടു തൂവാലകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബികാസിനെ അറസ്റ്റു ചെയ്തത്. കൊലപാതകം നടന്ന ദിവസങ്ങളില്‍ ബികാസ് ദാസിനെ ഇത്തരം തൂവാലകളുമായി സുരക്ഷാ ജീവനക്കാര്‍ കണ്ടിരുന്നു.

ജീവനക്കാരുടെ മൊഴികള്‍ കേസില്‍ പ്രതിയെ പെട്ടെന്ന് പിടിക്കാന്‍ കാരണമായി. അന്വേഷണത്തില്‍ പ്രതിയില്‍ നിന്ന് സ്ത്രീകളുടെ മൊബൈല്‍ ഫോണുകളും ആഭരണങ്ങളും കണ്ടെത്തിയതും കേസില്‍ നിര്‍ണായക തെളിവായി. ചോദ്യം ചെയ്യലില്‍ രണ്ടു സ്ത്രീകളെയും ലൈംഗികമായി അക്രമിച്ച് കൊലപ്പെടുത്തുകയായരുന്നുവെന്ന് പ്രതി കുറ്റ സമ്മതം നടത്തിയിരുന്നു.

കുറ്റകൃത്യത്തില്‍ തന്റെ കൂടെ ഒരാള്‍ കൂടിയുണ്ടായിരുന്നു എന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അയാളെയും അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും മതിയായ തെളിവുകളില്ലാത്തതിനാല്‍ കോടതി വെറുതെ വിടുകയായിരുന്നു.