പ്രധാനമന്ത്രിയുടെ പ്രസംഗം ലൈവായി സംപ്രേക്ഷണം ചെയ്തില്ല; ദൂരദര്‍ശന്‍ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

single-img
2 October 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഐഐടി മദ്രാസിലെ പ്രസംഗം ലൈവായി സംപ്രേക്ഷണം ചെയ്യാത്തിന്റെ പേരില്‍ ദൂരദര്‍ശന്‍ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. ദൂരദര്‍ശന്റെ ചെന്നൈ ബ്രാഞ്ചിലെ അസിസ്റ്റന്റ് പ്രോഗ്രാം ഡയരക്ടറായ ആര്‍ വസുമതിയെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രി ഐഐടി മദ്രാസിലെ സിംഗപ്പൂര്‍ ഇന്ത്യ സാങ്കേതികവിദ്യാ ഫെസ്റ്റിവലില്‍ നടത്തിയ പ്രസംഗം ലൈവായി സംപ്രഷണം ചെയ്യാന്‍ ചാനലിന് കഴിഞ്ഞിരുന്നില്ല. ഇതിനെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിരുന്നു.

ലൈവായി വീഡിയോ സംപ്രേഷണം ചെയ്യാന്‍ കൃത്യ സമയത്ത് എത്താനായില്ല എന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞത് .ഈ മറുപടിക്ക് ശേഷമാണ് നടപടിയെടുത്തിരിക്കുന്നത്. എന്നാൽ സസ്‌പെന്‍ഷന്‍ ലെറ്ററില്‍ ഇക്കാര്യം പക്ഷേ എടുത്തു പറയുന്നില്ല.

സ്ഥാപനത്തിനുള്ളിൽ അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുകയാണ് എന്നാണ് പ്രസാര്‍ ഭാരതി ചീഫ് എക്‌സിക്യൂട്ടീവ് ഡയരക്ടറായ ശശി ശേഖര്‍ വെമ്പടി കത്തില്‍ വിശദമാക്കുന്നത്.