ബിൽകിസ് ബാനുവിന്റെ സഹായധനം ഉടൻ നൽകണം: ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം

single-img
30 September 2019

ഗുജറാത്ത് കൂട്ടക്കൊലയുടെ ജീവിച്ചിരിക്കുന്ന ഇരയായ ബിൽകിസ് ബാനുവിന് നൽകാനുള്ള സഹായധനം ഉടൻ നൽകണമെന്ന് ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി. ഗുജറാത്ത് കലാപത്തിനിടെ അക്രമികളുടെ കൂട്ടബലാത്സംഗത്തിനിരയായ ബിൽകിസ് ബാനുവിന് 50 ലക്ഷം രൂപ സഹായധനമായി നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ബിൽകിസ് ബാനുവിന് സർക്കാർ ജോലിയും വീടും നൽകണമെന്ന സുപ്രീംകോടതി വിധിയും ഗുജറാത്ത് സർക്കാർ പാലിച്ചിട്ടില്ല. ഇവയെല്ലാം നാലാഴ്ചയ്ക്കകം നൽകണമെന്ന് സുപ്രീംകോടതി കർശനനിർദേശം നൽകി. ബിൽകിസ് ബാനു നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിന്‍റെ ഉത്തരവ്.

ബിൽകിസ് ബാനു കേസിലെ പ്രതികളുടെ ശിക്ഷ ശരി വച്ച, അന്നത്തെ മുംബൈ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസും പിന്നീട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന വിജയ താഹിൽരമാനിയ്ക്ക് എതിരെ സിബിഐ അന്വേഷണത്തിന് അനുമതി നൽകിയ അതേ ദിവസമാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവും വന്നിരിക്കുന്നത്.

2002 മാർച്ച് മൂന്നിന് ഗുജറാത്തിലെ രധിക് പൂർ ഗ്രാമത്തിലായിരുന്നു ബിൽകിസ് ബാനുവും കുടുംബവും കഴിഞ്ഞിരുന്നത്. ഗുജറാത്ത് കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഒരു സംഘം അക്രമികൾ രധിക് പൂരിലും അക്രമം അഴിച്ചുവിട്ടു. സ്വന്തം കുടുംബത്തിലെ മൂന്ന് വയസ്സുള്ള ഒരു കുഞ്ഞിനെ ഭിത്തിയിലിടിച്ച് കൊല്ലുന്നതും ഏഴംഗങ്ങളെ വെട്ടിനുറുക്കുന്നതും ബിൽകിസിന് കണ്ടുനിൽക്കേണ്ടി വന്നു. ഇതിന് പിന്നാലെ അന്ന് അഞ്ച് മാസം ഗർഭിണിയായ ബിൽകിസിനെ അക്രമികൾ കൂട്ടബലാത്സംഗം ചെയ്തു