ഐഎന്‍എസ് വിക്രാന്തിലെ മോഷണം; എന്‍.ഐ.എ.യുടെ നിരീക്ഷണത്തില്‍ അമ്പതിലേറെപ്പേര്‍

single-img
29 September 2019

കൊച്ചി: നിര്‍മ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്നും ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എന്‍ഐഎയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കേസില്‍ അമ്പതിലേറെപ്പേരെ നിരീക്ഷിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഎന്‍എസ് വിക്രാന്തില്‍ നിര്‍മാണ തൊഴില്‍ വിഭാഗത്തിലുള്ള
52 ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.കംപ്യൂട്ടര്‍ മുറിയില്‍ പ്രവേശിക്കാനുള്ള അനുമതി ഇവര്‍ക്കു മാത്രമാണുള്ളത്. കപ്പലില്‍ സ്ഥാപിച്ചിരുന്ന 31 കംപ്യൂട്ടറുകളില്‍ അഞ്ചെണ്ണത്തില്‍ നിന്നാണ് ഹാര്‍ഡ് ഡിസ്ക് ഉള്‍പ്പെടെയുള്ള പ്രധാനഭാഗങ്ങള്‍ മോഷണം പോയത്.

52 പേര്‍ക്ക്‌ പുറമെ, പുറത്തു നിന്നുള്ള ഏജന്‍സി ഏര്‍പ്പാടാക്കിയ 82 പേരും കപ്പലില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെയെല്ലാം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് എന്‍.ഐ.എ.

നാവിക സേനയ്ക്കു വേണ്ടി ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനിയാണ് ഐഎന്‍എസ് വിക്രാന്ത്. അതിനാല്‍ സംഭവത്തിന് പിന്നില്‍ ദേശ വിരുദ്ധ പ്രവര്‍ത്തനം ഉണ്ടോ എന്ന് അന്വേഷിക്കും.