സാമ്പത്തിക മാന്ദ്യം; സൂറത്തില്‍ ആറുമാസത്തിനിടെ ആത്മഹത്യ ചെയ്തത് അഞ്ച് ഡയമണ്ട് വ്യാപാരികള്‍

single-img
26 September 2019

രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യം കാരണം സൂറത്തില്‍ കഴിഞ്ഞ ആറുമാസത്തിനിടെ ആത്മഹത്യ ചെയ്തത് അഞ്ച് വ്യാപാരികളെന്ന് സൂറത്ത് ഡയമണ്ട് അസോസിയേഷന്‍.‘ നടത്തിയിരുന്ന കട പൂട്ടിയശേഷം എന്തെങ്കിലും ജോലി കണ്ടെത്താന്‍ അദ്ദേഹം നാടുമുഴുവന്‍ ചുറ്റി. ചില ദിവസങ്ങളില്‍ 2000 രൂപവരെ കിട്ടും. മിക്ക ദിവസങ്ങളിലും 500 രൂപ മാത്രമാണ് കിട്ടിയത്.

ഒന്നിലധികം കുട്ടികളും ബന്ധുക്കളുമൊക്കെയുള്ള കുടുംബം ഈ ചിലവില്‍ നടത്തികൊണ്ടുപോകുകയെന്നത് ബുദ്ധിമുട്ടാണ്. എന്നാൽ ഇപ്പോള്‍ അദ്ദേഹം ഞങ്ങളെ വിട്ടുപോയി. തയ്യല്‍ ജോലി ചെയ്താണ് ഞാനിപ്പോള്‍ കുടുംബം നോക്കുന്നത്. എന്നാൽ വലിയ നേട്ടമൊന്നും ഇതുകൊണ്ടില്ല.’ ആത്മഹത്യ ചെയ്ത വ്യാപാരികളിലൊരാളുടെ ഭാര്യ നിതാബെന്‍ പറയുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിനും ഒക്ടോബറിനും ഇടയില്‍ പത്ത് തൊഴിലാളികളാണ് സൂറത്തില്‍ ആത്മഹത്യ ചെയ്തത്. ഇപ്പോൾ കഴിഞ്ഞ രണ്ടുമാസത്തിനിടെ അഞ്ചുപേര്‍ കൂടി ആത്മഹത്യ ചെയ്തു. അതേസമയം ആത്മഹത്യയില്‍ തൊഴിലില്ലായ്മയും, സാമ്പത്തിക പ്രശ്‌നങ്ങളും കാരണമായി സൂചിപ്പിക്കാന്‍ പോലീസ് തയ്യാറാവുന്നില്ലെന്ന് സൂറത്ത് ഡയമണ്ട് അസോസിയേഷന്‍ പറയുന്നു.

കുടുംബത്തിലെ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പോലീസ് റിപ്പോര്‍ട്ട്. തൊഴിൽ ഇല്ലാത്തതിനാൽ ആത്മഹത്യ നടന്നതായി ഒരു റിപ്പോര്‍ട്ടുമില്ല. ശരിക്ക് തൊഴിലില്ലായ്മയാണ് വീട്ടിലെ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നത്.’ സൂറത്ത് ഡയമണ്ട് അസോസിയേഷന്‍ പ്രസിഡന്റ് ജയ്‌സുഖ് ഗജേര പറഞ്ഞു.