രജനികാന്തിനോടും കമല്‍ഹാസനോടും രാഷ്ട്രീയത്തില്‍ നിന്നും അകന്ന് നില്‍ക്കാന്‍ ചിരഞ്ജീവി

single-img
26 September 2019

തമിഴ് സൂപ്പര്‍ താരങ്ങളായ രജനികാന്തിനോടും കമല്‍ഹാസനോടും രാഷ്‍ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാൻ ആവശ്യവുമായി തെലുങ്ക് താരം ചിരഞ്ജീവി. രാഷ്ട്രീയത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യണമെന്ന ആഗ്രഹമുണ്ടെങ്കില്‍ പോലും അവര്‍ക്ക് അതിന് കഴിയണമെന്നില്ല. തനിക്കുണ്ടായ അനുഭവം അതാണെന്നും ചിരഞ്ജീവി പറയുന്നു.

ചിരഞ്ജീവി തന്റെ പുതിയ ചിത്രമായ സെയ്‍ റാ നരസിംഹ റെഡ്ഡി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. ഇരുവരും രാഷ്‍ട്രീയത്തില്‍ ചേരരുതെന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും ചിരഞ്ജീവി പറയുന്നു. രജനിയും കമലും രാഷ്‍ട്രീയത്തില്‍ പ്രവേശിച്ചാല്‍ അത് ഗുണകരമാകണമെന്നില്ല. മുന്‍പ് ഞാൻ രാഷ്‍ട്രീയത്തില്‍ എത്തുമ്പോള്‍ നമ്പര്‍ വണ്‍ സൂപ്പര്‍ സ്റ്റാറായിരുന്നു. എന്നാല്‍ ഞാൻ അതൊക്കെ വേണ്ടെന്നുവച്ചു.

പക്ഷെ എന്റെ മണ്ഡലത്തില്‍ ഞാൻ പരാജയപ്പെട്ടു. അതിന്റെ കാരണം എന്റെ എതിരാളികള്‍ കോടിക്കണക്കിനു രൂപ ചെലവഴിച്ചു. പിന്നീട് വന്ന പവൻ കല്യാണിനും അതുതന്നെയാണ് സംഭവിച്ചത്. തമിഴ്നാട്ടില്‍ കമല്‍ഹാസൻ കഴിഞ്ഞ തെരഞ്ഞടുപ്പില്‍ വിജയിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാല്‍ കമല്‍ഹാസന്റെ പാര്‍ട്ടിക്ക് വിജയിക്കാനായില്ല.

രാഷ്‍ട്രീയം എന്നത് ചുണ്ടിനും കപ്പിനും ഇടയിലാണ്. ഒരുപക്ഷെ രജനികാന്തും കമല്‍ഹാസനും എന്നെപ്പോലെ ആകണമെന്നില്ല. എന്നാല്‍ എനിക്ക് അവര്‍ക്ക് നല്‍കാനുള്ള ഉപദേശം രാഷ്‍ട്രീയത്തില്‍ ചേരരുത് എന്നാണ്. – ചിരഞ്ജീവി പറയുന്നു.