കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി; തീഹാര്‍ ജയിലില്‍ തുടരും

single-img
25 September 2019

കർണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാന്‍റെ ജാമ്യാപേക്ഷ ദില്ലി റോസ് അവന്യു കോടതി തള്ളി. കള്ളപ്പണകേസിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്(ഇ ഡി) അറസ്റ്റ് ചെയ്ത ഇദ്ദേഹം നിലവിൽ തീഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അടുത്തമാസം ഒന്നുവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി. ഇന്ന് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ജയിലില്‍ തന്നെ ശിവകുമാര്‍ തുടരും.

തന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ദില്ലി ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശിവകുമാറിനെ സെപ്റ്റംബര്‍ 19 നായിരുന്നു തീഹാര്‍ ജയിലിലേക്ക് മാറ്റിയത്. ഇവിടെ ഏഴാം നമ്പർ ജയിലിലെ രണ്ടാം വാർഡിലാണ് ശിവകുമാറുള്ളത്. തുട‍ർച്ചയായി നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് സെപ്റ്റംബര്‍ മൂന്നിന് ശിവകുമാറിനെ എന്‍ഫോഴ്‍സ്‍മെന്‍റ് അറസ്റ്റ് ചെയ്തത്.

ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് ശിവകുമാർ നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്ന് അറിയിച്ചായിരുന്നു അറസ്റ്റ്. 2017ൽ കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചു എന്നതാണ് കേസ്. എന്നാൽ, തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം.