ഇന്ത്യ ദക്ഷണാഫ്രിക്ക മൂന്നാം ട്വന്റി 20 ഇന്ന്; പരമ്പര സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ

single-img
22 September 2019

ബെംഗളൂരു: ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി 20 മത്സരം ഇന്ന് രാത്രി ഏഴു മണി മുതല്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ . പരമ്പര സ്വന്തമാക്കാമെന്ന ലക്ഷ്യത്തോടെയാണ് ദക്ഷിണാഫ്രിക്ക ക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

ആദ്യമത്സരം മഴകൊണ്ടുപോയപ്പോള്‍ രണ്ടാം മത്സരത്തില്‍ ഏഴു വിക്കറ്റോടെ ഇന്ത്യ വിജയം കണ്ടു. രണ്ടാം ട്വന്റി 20-യില്‍ 72 റണ്‍സുമായി പുറത്താകാതെനിന്ന ഇന്ത്യയുടെ ക്യാപ്റ്റന്‍ വിരാട് കോലി ഉജ്ജ്വല ഫോമിലാണ്.

മൊഹാലിയില്‍ കളിയുടെ എല്ലാ മേഖലയിലും ദക്ഷിണാഫ്രിക്കയെ പിന്തള്ളിയ ഇന്ത്യയുടെ ജയം ആധികാരികമായിരുന്നു. എന്നാല്‍, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ബാറ്റിങ്ങില്‍ വീണ്ടും പരാജയമായത് ഇന്ത്യന്‍ ടീമിന് തലവേദനയായി. ഇന്നും മികച്ചൊരു ഇന്നിങ്‌സ് കളിക്കാനായില്ലെങ്കില്‍ പന്തിന്റെ കാര്യം കഷ്ടത്തിലാകും.

ബെംഗളൂരുവില്‍ ഇടി മിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. അതേസമയം മഴ പെയ്താലും മൈതാനം മത്സരത്തിന് പെട്ടെന്നു തന്ന സജ്ജമാക്കാന്‍ തക്ക സൗകര്യം ഇന്ത്യയിലെ മറ്റേത് സ്റ്റേഡിയത്തേക്കാളും ചിന്നസ്വാമിയിലുണ്ട്. ഇതിനാല്‍ തന്നെ വൈകിയാലും മത്സരം നടക്കാന്‍ സാധ്യതയുണ്ട്.