മുത്തൂറ്റ് രാജ്യത്തെ നിയമങ്ങളൊന്നും പാലിക്കാന്‍ തയ്യാറാവാത്ത സ്ഥാപനം; സര്‍ക്കാര്‍ എല്ലാ തരത്തിലും ബഹിഷ്കരിക്കണം: വിഎസ് അച്യുതാനന്ദന്‍

single-img
21 September 2019

ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഗ്രൂപ്പ് നടത്തുന്ന തൊഴിലാളിവിരുദ്ധ പ്രവര്‍ത്തനവും അതിന്‍റെ ചെയര്‍മാന്‍ നടത്തുന്ന ധാര്‍ഷ്ട്യ പ്രഖ്യാപനങ്ങളും കേരള ജനതയോടുള്ള വെല്ലുവിളിയാണെന്ന് ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്ച്യുതാനന്ദൻ. രാജ്യത്തെ നിയമങ്ങൾ ഒന്നുംതന്നെ പാലിക്കാന്‍ തയ്യാറാവാത്ത സ്ഥാപനമാണിത്. ഈ സ്ഥാപനത്തെ സര്‍ക്കാര്‍ എല്ലാ തരത്തിലും ബഹിഷ്കരിക്കണം- അദ്ദേഹം പറഞ്ഞു.

സ്ഥാപനം നടത്തുന്ന തൊഴിലാളിവിരുദ്ധതയെ സര്‍ക്കാര്‍ ശക്തമായി നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നേരിട്ട് മുന്‍കയ്യെടുത്ത് നടത്തുന്ന ചര്‍ച്ചകളില്‍ പോലും പങ്കെടുക്കാതെ, നിയമം നടപ്പിലാക്കണം എന്നാവശ്യപ്പെട്ടാല്‍ കട പൂട്ടി രക്ഷപ്പെടും എന്ന് ഭീഷണിപ്പെടുത്തുകയാണ് മാനേജ്മെന്റ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതുപോലുള്ള ബ്ലേഡ് കമ്പനികള്‍ ഉള്ളതുകൊണ്ടാണ് കേരളത്തില്‍ വികസനം നടക്കുന്നതെന്ന ധാരണപ്പിശക് അവസാനിപ്പിക്കണമെന്നും വിഎസ് തന്റെ പ്രസ്താവനയിൽ പറയുന്നു.

സ്ഥാപനത്തിൽ മിനിമം വേജസ് ആക്റ്റ് നടപ്പിലാക്കണം. തൊഴിലാളികൾക്ക് യൂണിയന്‍ അനുവദിക്കില്ല എന്ന നിലപാടിനെ ശക്തമായി നേരിടണം. സംസ്ഥാനത്തെ ജനങ്ങളുടെ പണമാണ് ഈ സ്ഥാപനത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഈ സ്ഥാപനം പൂട്ടിയെങ്കിൽ കേരളത്തില്‍ത്തന്നെയുള്ള മറ്റൊരു സ്ഥാപനത്തില്‍ ജനങ്ങള്‍ ആ പണം നിക്ഷേപിച്ചുകൊള്ളും. അതുമല്ലെങ്കിൽ ആ പണമെടുത്ത് വ്യവസായ നിക്ഷേപം നടത്തും. അങ്ങിനെ ചെയ്യാതെ മുത്തൂറ്റ് ബാങ്കിനു പിന്നാലെ ജനങ്ങൾ അന്യ സംസ്ഥാനങ്ങളിലേക്ക് പോവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേപോലെ തന്നെ സ്വര്‍ണ നിക്ഷേപങ്ങളുടെയും പണയത്തിന്‍റെയും കാര്യത്തില്‍ ഉള്‍പ്പെടെ ഈ സ്ഥാപനത്തിന്‍റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും സാമ്പത്തിക വിദഗ്ധരടങ്ങുന്ന ഒരു പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിച്ച് ശക്തമായ നിയമനടപടി സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.