ഗാന്ധി വധം; ആര്‍എസ്എസിനെ വിലക്കിയതും പിന്‍വലിച്ചതുമായ രേഖകള്‍ കാണാനില്ല

single-img
19 September 2019

മഹാത്മാ ഗാന്ധിയുടെ ഗാന്ധിവധത്തെത്തുടര്‍ന്ന് രാജ്യം ആര്‍എസ്എസിന് ഏര്‍പ്പെടുത്തിയ വിലക്കും തൊട്ടടുത്തവര്‍ഷം പിന്‍വലിച്ചതും\ സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഫയല്‍ കാണുന്നില്ലെന്ന് പരാതി. 1948-ല്‍ ഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്നാണ് ആര്‍എസ്എസിനെ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കിയത്. പിന്നീട് തൊട്ടടുത്ത വര്‍ഷം തന്നെ ഇത് പിന്‍വലിച്ചിരുന്നു. ന്യൂ ഡൽഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്‍ത്തകനായ വെങ്കടേഷ് നായക്കാണ് ഇതുസംബന്ധിച്ച ഫയല്‍ ലഭിക്കാനായി വിവരാവകാശ പ്രകാരം ചോദ്യം നൽകിയത്.

ഇദ്ദേഹം നൽകിയ അപേക്ഷയുടെ മറുപടിയായി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നു തങ്ങള്‍ക്ക് ഇതുവരെ ആ ഫയല്‍ അയച്ചിട്ടില്ലെന്നായിരുന്നു നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജൂലൈയില്‍ മന്ത്രാലയത്തില്‍ ഇതിനായി നായക് ഒരു വിവരാവകാശ അപേക്ഷ നല്‍കി. സംഘടനയ്ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിന്റെയും പിന്നീട് അത് പിന്‍വലിച്ച ഉത്തരവിന്റെയും പകര്‍പ്പുകളാണ് നായക് ചോദിച്ചത്.

പക്ഷെ തങ്ങളുടെ കൈവശം ഈ രേഖകള്‍ ഇല്ലെന്നായിരുന്നു മന്ത്രാലയത്തിന്റെ മറുപടിയെന്നാണ് നായക് പറയുന്നത്. വിവരാവകാശ ചോദ്യത്തിന് ആഭ്യന്തര മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി വി എസ് റാണയായിരുന്നു മറുപടി നല്‍കിയത്. ഈ മറുപടിയിലും പിന്മാറാതെ കഴിഞ്ഞ സെപ്റ്റംബര്‍ 28-ന് വീണ്ടും നായക് അപേക്ഷ നല്‍കി. ഇത്തവണ ഓണ്‍ലൈനായി നല്‍കിയ അപേക്ഷയില്‍, രേഖകള്‍ നശിച്ചുപോയാല്‍ ആര്‍ക്കാണ് ഉത്തരവാദിത്വം എന്നതിനെപ്പറ്റിയും ചോദിക്കുന്നുണ്ട്.

ഇക്കുറിയും ആര്‍എസ്എസിന്റെ വിലക്ക് സംബന്ധിച്ച ഒരു രേഖയും തങ്ങളുടെ കൈവശം ഇല്ലെന്നായിരുന്നു ഇത്തവണയും മന്ത്രാലയത്തിന്റെ മറുപടി. പിന്മാറ്റത്തിന് ഒരുക്കമല്ലാതെ കാണാതായ രേഖകളെപ്പറ്റി കേന്ദ്ര വിവരാവകാശ കമ്മീഷന് ഒരു പരാതി നല്‍കാനൊരുങ്ങുകയാണ് നായക് ഇപ്പോള്‍.