കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ഉൾപ്പെടെ സുപ്രീംകോടതിയിലേക്ക് നാല് ജഡ്ജിമാരെ കൂടി നിയമിച്ചു

single-img
18 September 2019

ജസ്റ്റിസ് എസ് രവീന്ദ്രഭട്ട്, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് വി രാമസുബ്രമണ്യന്‍, ജസ്റ്റിസ് ഹൃഷികേശ് റോയ് എന്നിവരെ ഉള്‍പ്പെടുത്തി സുപ്രീംകോടതിയിലേക്ക് ജഡ്ജിമാരായി നാലുപേരെക്കൂടി പുതുതായി നിയമിച്ചു. ഈ നിയമനത്തോടെ 31 ല്‍നിന്നും 34-ലേക്ക് ഉയര്‍ന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃതത്തില്‍ ചേര്‍ന്ന കൊളീജിയമാണ് ഇവരെ തെരെഞ്ഞെടുത്തത്. തിങ്കളാഴ്ച ഇവരുടെ സത്യപ്രതിജ്ഞ നടക്കും.

പുതുതായി തെരെഞ്ഞെടുക്കപ്പെട്ടവരില്‍ ജസ്റ്റിസ് ഹൃഷികേശ് റോയ് നിലവില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസും ജസ്റ്റിസ് രാമസുബ്രമണ്യന്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസും ജസ്റ്റിസ് മുരാരി പഞ്ചാബ് -ഹരിയാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസുമാണ്. രാജസ്ഥാന്‍ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് എസ് രവീന്ദ്രഭട്ട്. സമീപ കാലത്താണ് സുപ്രീം കോടതി ജസ്റ്റിസുമാരുടെ അംഗസംഖ്യ കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സുപ്രീംകോടതിയില്‍ ധാരാളം കേസുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നു എന്ന പരാതിയെത്തുടര്‍ന്നായിരുന്നു തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കുകയും ചെയ്തിരുന്നു.