കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ കസ്റ്റഡി അഞ്ച് ദിവസം കൂടി നീട്ടി

single-img
13 September 2019

കള്ളപ്പണ കേസിൽ അന്വേഷണം നേരിടുന്ന കർണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ കസ്റ്റഡി അഞ്ച് ദിവസം കൂടി കോടതി നീട്ടി. സെപ്തംബർ 17 വരെ ഇദ്ദേഹത്തെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ആവശ്യം അംഗീകരിച്ചാണ് കസ്റ്റഡി നീട്ടിയത്. ഇതോടോപ്പം ശിവകുമാറിന്റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച്ച്ക്കകം മറുപടി നല്‍കാനും ജഡ്ജി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസം ശിവകുമാറിന്റെ മകള്‍ ഐശ്വര്യയേയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. ശിവകുമാറിന്റെ സാമ്പത്തിക ഇടപാടുകൾ അധികൃതർ പരിശോധിച്ചപ്പോൾ ഐശ്വര്യ കൈകാര്യം ചെയ്ത ട്രസ്റ്റുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഏജന്‍സി കണ്ടെടുത്തതിനെ തുടര്‍ന്നായിരുന്നു നടപടി. രണ്ട് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം സെപ്റ്റംബര്‍ 3നാണ് ഡികെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്.

കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് എന്നിങ്ങിനെ വിവിധ വകുപ്പുകളിലായാണ് ശിവകുമാറിനെതിരേ കേസെടുത്തിരിക്കുന്നത്. പരിശോധനയിൽ കണക്കില്‍പ്പെടാത്ത 429 കോടിയുടെ സ്വത്ത് കണ്ടെത്തിയെന്നാണ് ആരോപണം. അതേസമയം ശിവകുമാറിന്റെ അറസ്റ്റില്‍ കര്‍ണാടകയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപി നടത്തുന്ന പകപോക്കലാണ് അറസ്റ്റെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണം.