കീഴടങ്ങാനായി നൽകിയ ഹര്‍ജി കോടതി തള്ളി; പി ചിദംബരം തീഹാര്‍ ജയിലില്‍ തന്നെ തുടരും

single-img
13 September 2019

ഐഎൻഎക്സ് മീഡിയാ അഴിമതി കേസിൽ എൻഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റിന്റെ മുന്നിൽ കീഴടങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി ചിദംബരം നൽകിയ ഹര്‍ജി കോടതി തള്ളി. അദ്ദേഹത്തെ ഇപ്പോള്‍ കസ്റ്റഡിയില്‍ വേണ്ടെന്ന് എന്‍ഫോഴ്‍സ്മെന്‍റ് കോടതിയില്‍ അറിയിക്കുകയായിരുന്നു. ഹർജി തള്ളപെട്ടതോടെ ഈ മാസം 19 വരെ ചിദംബരം തീഹാര്‍ ജയിലില്‍ തന്നെ കഴിയേണ്ടിവരും.

അന്വേഷണവുമായി സഹകരിക്കാൻ എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റിന് മുമ്പില്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ചിദംബരം നല്‍കിയ അപേക്ഷയില്‍ ഇന്നലെ കോടതിയില്‍ വാദപ്രതിവാദം നടന്നിരുന്നു. നിലവിൽ ഈ കേസുമായി ബന്ധപ്പെട്ട ചിലരെ ചോദ്യംചെയ്യുകയാണെന്നും അവരെ ചോദ്യംചെയ്തതിന് ശേഷം മാത്രം ചിദംബരത്തെ കസ്റ്റഡിയില്‍ മതിയെന്നുമായിരുന്നു എന്‍ഫോഴ്‍സ്മെന്‍റ് കോടതിയില്‍ അറിയിച്ചത്.

ഈ മാസം 19 ന് വീണ്ടും ചിദംബരത്തെ സിബിഐ കോടതിയില്‍ ഹാജരാക്കുമ്പോളും എന്‍ഫോഴ്‍സ്‍മെന്‍റ് കസ്റ്റഡിയിലെടുത്തില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് ചിദംബരം തീഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരാനാണ് സാധ്യത.