അസമിലെ പോലെ പൗരത്വ ബില്‍ മണിപ്പൂരിനും വേണം; ആവശ്യവുമായി മണിപ്പൂര്‍ മുഖ്യമന്ത്രി

single-img
9 September 2019

കേന്ദ്ര സർക്കാർ അസമില്‍ നടപ്പാക്കിയ പോലെ പൗരത്വബില്‍ മണിപ്പൂരിനും ആവശ്യമാണെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരണ്‍ സിംഗ്. സംസ്ഥാനത്ത് ബില്‍ നടപ്പാക്കാനുള്ള സാധ്യതകള്‍ നോക്കിക്കൊണ്ടിരിക്കുന്നു എന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എന്‍ആര്‍സി ബില്‍ ആവശ്യമാണ്. നിലവില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ ഇതിനായുള്ള നടപടിക്രമങ്ങളെ പറ്റി ചര്‍ച്ചചെയ്യുന്നുണ്ട്’ – അദ്ദേഹം പറഞ്ഞു.

മണിപ്പൂരില്‍ എങ്ങിനെയായിരിക്കും ബില്‍ നടപ്പാക്കുക എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോള്‍ അസമില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പൗരത്വ ബില്‍ നടപ്പാക്കി വരികയാണെന്നും മണിപ്പൂരിന്റെ ആവശ്യം കേന്ദ്രത്തെ ഉടന്‍ അറിയിക്കുമെന്നും ബിരണ്‍ സിംഗ് മറുപടി പറഞ്ഞു. ദേശീയ പൗരത്വബില്‍ അന്തിമ പട്ടിക വന്നപ്പോള്‍ അസമില്‍ 19 ലക്ഷം പേരാണ് പുറത്തായിരിക്കുന്നത്.

ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെട്ടവര്‍ക്കായി പത്തു തടവറകള്‍ കൂടി പുതുതായി പണിയാനൊരുങ്ങുകയാണ് അസം സര്‍ക്കാര്‍. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ നല്‍കുന്ന അപ്പീലില്‍ ട്രൈബ്യൂണല്‍ വിദേശിയാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ കോക്രജാര്‍, സില്‍ച്ചാര്‍, ദിബ്രുഗഢ്, തേസ്പൂര്‍, ഗോള്‍പാറ, ജോര്‍ഹട്ട എന്നിവിടങ്ങളിലായി ഒരുങ്ങുന്ന ആറു തടവറകളിലേയ്ക്കാണ് ആളുകളെ മാറ്റുക.