ഡികെ ശിവകുമാറിനെ കോടതിയിൽ ഹാജരാക്കില്ല; ജഡ്ജി ആശുപത്രിയിൽ എത്തി നടപടികൾ പൂർത്തിയാക്കാൻ സാധ്യത

single-img
4 September 2019

കള്ളപ്പണക്കേസിൽ ആരോപണവിധേയനായി എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത കർണാടക കോൺ​ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ ആർഎംഎൽ ആശുപത്രിയിയിലെ സിസിയുവിലേക്ക് മാറ്റി. ഇതോടുകൂടി ശിവകുമാറിനെ കോടതിയിൽ ഹാജരാക്കാനുള്ള സാധ്യതയ്ക്ക് പകരം, ജഡ്ജി ആശുപത്രിയിൽ എത്തി തുടർ നടപടികൾ പൂർത്തിയാക്കിയേക്കുമെന്നാണ് വിവരം. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ശിവകുമാറിനെ ഇന്ന് ഉച്ചക്ക് ശേഷം ഡൽഹിയിലെ റോസ് അവന്യു കോടതിയിൽ ഹാജരാക്കാനായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ട്റേറ്റിന്റെ തീരുമാനം.

പക്ഷെ ഇന്നലെ രാത്രിയോടെ അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ശിവകുമാറിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തന്റെ ആരോ​ഗ്യനിലയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് ശിവകുമാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്താൻ ആശുപത്രിയിലെ ​ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തു.

ഇതിനെ തുടർന്നാണ് ഇന്ന് ഉച്ചയോടെ ശിവകുമാറിനെ ആശുപത്രിയിലെ കൊറോണറി കെയർ യൂണിറ്റിലേക്ക് മാറ്റിയത്. അതേസമയം,അദ്ദേഹത്തെ സന്ദർശിക്കാൻ കെസി വേണു​ഗോപാൽ ഉൾപ്പടെയുള്ള നേതാക്കൾ ആശുപത്രിയിൽ എത്തിയെങ്കിലും കാണാൻ പോലീസ് അനുവദിച്ചില്ല. കള്ളപ്പണം കടത്തുന്നത് ആരോപിച്ചുകൊണ്ട് നാലുദിവസത്തെ ചോദ്യംചെയ്യലിന് ശേഷം ഇന്നലെയാണ് ശിവകുമാറിനെ എന്‍ഫോഴ്‍സ്മെന്‍റ് അറസ്റ്റ് ചെയ്തത്.