സാമ്പത്തിക പ്രതിസന്ധി; വാങ്ങാന്‍ ആളില്ല; ലാംബ്രട്ട സ്‌കൂട്ടറുകള്‍ നിര്‍മ്മിച്ചിരുന്ന സ്‌കൂട്ടേര്‍സ് ഇന്ത്യ അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍

single-img
1 September 2019

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായ മേഖലയിലെ പ്രതിസന്ധി തുടരുകയാണ്. വാങ്ങാന്‍ ആവശ്യക്കാര്‍ കുറഞ്ഞതിനാല്‍ പൊതുമേഖല സ്ഥാപനമായ സ്‌കൂട്ടേര്‍സ് ഇന്ത്യ അടച്ചുപൂട്ടാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ഒരു കാലത്തെ ആവേശമായിരുന്ന വിജയ് സൂപ്പറെന്ന പേരില്‍ പ്രശസ്തമായ ലാംബ്രട്ട സ്‌കൂട്ടറുകള്‍ നിര്‍മ്മിച്ചിരുന്ന കമ്പനിയാണ്ഇത്.

കമ്പനിയുടെ നിര്‍മ്മാണ പ്ലാന്റുകളും ഒപ്പം തന്നെ യന്ത്രങ്ങളും വിറ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടെന്ന് ബ്ലൂംബെര്‍ഗ് ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് സാധിച്ചില്ല എങ്കില്‍ കമ്പനിയുടെ പേരിലുള്ള നിഷ്‌ക്രിയ ആസ്തികള്‍ വിറ്റ് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഇപ്പോള്‍ ‘വിക്രം’ എന്ന പേരില്‍ ത്രീ വീലര്‍ വാഹനങ്ങളാണ് കമ്പനിയില്‍ നിര്‍മ്മിക്കുന്നത്. സ്‌കൂട്ടേര്‍സ് ഇന്ത്യയില്‍9 7.7% ഓഹരികളാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളത്.

ഇന്ത്യയില്‍ വിജയ് സൂപ്പര്‍ എന്ന പേരിലും വിദേശങ്ങളില്‍ ലാംബ്രട്ട എന്ന പേരിലും 1975ലാണ് കമ്പനി സ്‌കൂട്ടറുകള്‍ പുറത്തിറക്കിയത്. നിലവില്‍ 66 കോടി രൂപ കടത്തിലാണ് കമ്പനി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 4.6 കോടി രൂപയാണ് നഷ്ടം. 1997ലായിരുന്നു കമ്പനി ഇരുചക്ര വാഹനങ്ങളുടെ നിര്‍മ്മാണം നിര്‍ത്തിയത്.