ഇന്ത്യ ‘സ്വദേശ’മില്ലാത്തവരെ സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം: ഐക്യരാഷ്ട്ര സഭയുടെ റെഫ്യൂജി ഹൈക്കമ്മീഷണർ

single-img
1 September 2019

ഇന്ത്യ ആരെയും സ്വദേശമില്ലാത്തവരാക്കി  (സ്റ്റേറ്റ് ലെസ്) മാറ്റുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന നിർദേശവുമായി ഐക്യരാഷ്ട്ര സഭയുടെ കുടിയേറ്റകാര്യവിഭാഗ മേധാവി ( High commissioner for refugees) . അസം പൌരത്വ രജിസ്റ്റർ പട്ടികയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു യു എൻ റെഫ്യൂജി ഹൈ കമീഷണർ ഫിലിപ്പോ ഗ്രന്റി. ഇന്ന് ജനീവയിലാണ് അദ്ദേഹം ആശങ്ക പങ്കുവച്ചത്.

19 ലക്ഷത്തോളം പേരെ ഒറ്റയടിക്ക് സ്വദേശമില്ലാത്തവരാക്കിയാൽ ‘രാഷ്ട്രമില്ലായ്മ ഇല്ലാതാക്കാ’നുള്ള ആഗോള ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം ഒർമ്മിപ്പിച്ചു. പട്ടികയിൽ ഉൾപ്പെടാത്തവർക്ക് ആവശ്യമായ നിയമ സഹായം ഉറപ്പാക്കണം എന്നും അദ്ദേഹം പറഞ്ഞു.

കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ, അസം പൌരത്വ പട്ടിക പുതുക്കിയത്. 3 കോടിയിലധികം ആളുകൾ പട്ടികയിൽ ഇടം പിടിച്ചെങ്കിലും 19 ലക്ഷത്തിൽ അധികം പേരാണ് പുറത്തായത്. ഇവർക്ക് ഫോറിനേഴ്സ് ട്രിബൂണലിനെ സമീപിക്കാനും അപ്പീൽ നൽകാനുമുള്ള അവസരം നൽകും എന്നാണ് ഇന്ത്യൻ സർക്കാ‍രിന്റെ നിലപാട്.