പണം നല്‍കിയില്ലെങ്കില്‍ ഇന്ധനവിതരണം നിര്‍ത്തുമെന്ന് എണ്ണക്കമ്പനികള്‍; എയര്‍ ഇന്ത്യ സര്‍വീസുകള്‍ മുടങ്ങിയേക്കും

single-img
1 September 2019

ഡല്‍ഹി: ഇന്ധനം വാങ്ങിയ ഇനത്തില്‍ എണ്ണകമ്പനികളുമായി സാമ്പത്തിക ബാധ്യത നിലനില്‍ക്കുന്നതിനാല്‍ എയര്‍ ഇന്ത്യ പ്രതിസന്ധിയില്‍. എണ്ണക്കമ്പനികള്‍ക്ക് ഭീമമായ തുക എയര്‍ഇന്ത്യ നല്‍കാനുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ധന വിതരണം നിര്‍ത്തിവയ്കുമെന്ന് കമ്പനികള്‍ മുന്നറിയിപ്പു നല്‍കി.

സെപ്റ്റംബര്‍ ആറ് മുതല്‍ ഹൈദരാബാദ്, റായ്പുര്‍ എന്നീ വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്നാണ് കമ്പനികളുടെ അന്ത്യശാസന. നിരവധി സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടി വരുമെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ വ്യക്തമാക്കി.

ഹൈദരാബാദും റായ്പൂരും എയര്‍ഇന്ത്യയുടെ പ്രധാന താവളങ്ങളാണ്. ഏകദേശം അന്‍പതോളം സര്‍വീസുകള്‍ ഇവിടെ നിന്ന് നടത്തുന്ന എയര്‍ഇന്ത്യയ്ക്ക് സര്‍വീസുകള്‍ നിര്‍ത്തുന്നത് കനത്തനഷ്ടം ഉണ്ടാക്കും. നിലവിലെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ എയര്‍ ഇന്ത്യക്ക് സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുഴുവന്‍ തുകയും പലിശയുള്‍പ്പെടെ സെപ്റ്റംബര്‍ ആറിന് മുന്‍പ്
നല്‍കണമെന്നാണ് എണ്ണകമ്പനികളുടെ നിര്‍ദേശം.