സിപിഒ പരീക്ഷയിലെ ക്രമക്കേടില്‍ തീരുമാനമായില്ല; ആശങ്കയോടെ ലിസ്റ്റില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍

single-img
31 August 2019

തിരുവനന്തപുരം; കേരളാ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് നടന്ന പിഎസ് സി പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയതിനെതുടര്‍ന്ന് ആശങ്കയിലാണ് ഉദ്യോഗാര്‍ഥികള്‍. നിലവിലെ റാങ്കി ലിസ്റ്റിന്റെ കാര്യത്തില്‍ കൃത്യമായ തീരുമാനം ഇതുവരെ വന്നിട്ടില്ലാത്തതിനാല്‍ ലഭ്യമായ അവസരം നഷ്ടമാകുമോ എന്നാണ് ലിസ്റ്റില്‍ യോഗ്യത നേടിയവരുടെ ആശങ്ക.

കുറ്റക്കാരായ കുറച്ചു പേര്‍ക്കു വേണ്ടി നിരപരാധികളായ കൂടുതല്‍പേരുടെ ജീവിതെ വച്ച് കളിക്കുകയാണെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. തിരുവനന്തപുരത്ത് പ്രതിശഷേധയോഗം ചേരുകയായിരുന്നു ഉദ്യോഗാര്‍ഥികള്‍. കഷ്ടപ്പെട്ട് പഠിച്ച് യോഗ്യത നേടിയിട്ടും ഒന്നോ രണ്ടോ പേര്‍ ചെയ്ത ക്രമക്കേടിന്റെ പേരില്‍ വലിയൊരു വിഭാഗം ശിക്ഷിക്കപ്പെടുകയാണെന്ന് ഒരു കൂട്ടര്‍ പറയുന്നു.

സേവ് സിപിഒ റാങ്ക് ലിസ്റ്റ് എന്ന ഹാഷ്ടാഗിനു കീഴിലാണ് ഉദ്യോഗാര്‍ഥികള്‍ ഒത്തുചേര്‍ന്നിരിക്കുന്നത്.സമയ ബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി നിയമന നടപടികള്‍ എത്രയും വേഗത്തില്‍ ആക്കണം. ഒരു വര്‍ഷം മാത്രം കാലാവധി ഉള്ള റാങ്ക് ലിസ്റ്റ് ആണ് ഇത്, അതില്‍ ഇപ്പോള്‍ തന്നെ രണ്ട് മാസം പിന്നിട്ടു ഇനി പത്തു മാസം മാത്രമാണ് ശേഷിക്കുന്നത്. അത് കൊണ്ട് മരവിപ്പിച്ചുവച്ചിരിക്കുന്ന നിയമന നടപടി പുനരാരംഭിക്കാന്‍ വേണ്ട നടപടി സ്വികരിക്കണമെന്നുമാണ് സര്‍ക്കാരിനോടുള്ള ഇവരുടെ അഭ്യര്‍ഥന.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാടു സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് കൂട്ടായ്മയുടെ തീരുമാനം. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവങ്ങളില്‍ പ്രതിയായ ശിവരഞ്ജിത്തും നസീമുമാണ് പരീക്ഷക്രമക്കേട് നടത്തിയതായി കണ്ടെത്തിയത്.