ലോക ബാഡ്മിന്റൺ: മെഡലുറപ്പിച്ച പി വി സിന്ധുവിന് പിന്നാലെ അട്ടിമറി ജയവുമായി സായ് പ്രണീതും സെമിയില്‍

single-img
23 August 2019

ബേസലിൽ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ സെമിയിലെത്തി മെഡലുറപ്പിച്ച പി വി സിന്ധുവിന് പിന്നാലെ പുരുഷ സിംഗിള്‍സില്‍ അട്ടിമറി വിജയവുമായി സായ് പ്രണീതും സെമിയിൽ. നിലവിലെ ലോക നാലാം നമ്പര്‍ താരവും ടൂര്‍ണമെന്റിലെ ആറാം സീഡുമായ ഇന്‍ഡോനേഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയായിരുന്നു 19-ാ റാങ്കുകാരനായ പ്രണീതിന്റെ മുന്നേറ്റം. സ്കോര്‍ 24-22, 21-14.

ശക്തമായ മത്സരത്തിലെ ആദ്യ ഗെയിമില്‍ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. മികച്ച തുടക്കം മുതലാക്കാനാവാതെ ക്രിസ്റ്റി പുറകോട്ട് പോയപ്പോള്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കി പ്രണീത് ലീഡെടുത്തു.പിന്നീടുള്ള ഇടവേളക്കുശേഷം പ്രണീത് ആക്രമണ ഗെയിം പുറത്തെടുത്തപ്പോള്‍ ക്രിസ്റ്റി പ്രതിരോധത്തിലേക്ക് മാറി. അവസാന സമയം രണ്ട് ഗെയിം പോയന്റുകള്‍ സേവ് ചെയ്ത് ഗെയിം 21-21ല്‍ എത്തിക്കാന്‍ ക്രിസ്റ്റിക്കായെങ്കിലും ഒടുവില്‍ 24-22ന് പ്രണീത് ഗെയിം സ്വന്തമാക്കി.

രണ്ടാമത്തെ ഗെയിമില്‍ തുടക്കത്തിലെ ലീഡെടുത്ത പ്രണീത് ക്രിസ്റ്റിക്ക് തിരിച്ചുവരാനുള്ള പഴുതളടക്കുകയും ചെയ്തു. രണ്ടാം ഗെയിമിൽ 10-15ന് മുന്നിലെത്തിയ പ്രണീതിനെ 14-18ല്‍എത്തിച്ചെങ്കിലും തുടര്‍ച്ചായായി മൂന്ന് ഗെയിം പോയന്റുകള്‍ നേടി ഗെയിം സ്വന്തമാക്കിയ പ്രണീത് സിന്ധുവിന് പിന്നാലെ ടൂര്‍ണമെന്റില്‍ മെഡലുറപ്പിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് പ്രണീത് സെമിയിലെത്തുന്നത്.