നിങ്ങള്‍ മനസ്സിൽ ഉള്ളിൽ ഒളിപ്പിച്ചുവച്ച പ്രണയത്തെ ഈ സിനിമ പുറത്തെടുക്കും; ഓർമ്മയില്‍ ഒരു ശിശിരം റിവ്യൂ

single-img
3 August 2019

വിവേക്‌ ആര്യൻ സംവിധാനം ചെയ്യുന്ന ഓർമ്മയിൽ ഒരു ശിശിരം ഒറ്റവാക്കില്‍ പറഞ്ഞാല്‍ നിങ്ങള്‍ മനസ്സില്‍ ഒളിപ്പിച്ച കൌമാര കാലത്തെ പ്രണയത്തെ അറിയാതെ തന്നെ പുറത്തെത്തിക്കും. സ്കൂൾ പ്രണയവും മനോഹര ഗാനവും എല്ലാം ചേർന്ന ഒരു ക്ലീന്‍ എന്റര്‍ടെയ്നര്‍ ആണ് ഈ ചിത്രം എന്ന് നിസംശയം പറയാം. ഒരു പ്ലസ് ടൂ കാരന്റെ ജീവിതത്തിലും പ്രണയത്തിലും തുടങ്ങി വിജയത്തിലേക്കുള്ള ഓട്ടം വരെ നമുക്ക് ചിത്രം കാട്ടി തരുന്നു.

തികച്ചും സാധാരണമായ കുടുംബത്തിൽ ജനിച്ചു വളർന്ന നിതിൻ ഇന്ന് സിനിമ സ്വപ്നം കണ്ടു നടക്കുന്ന ഒരു യുവാവാണ്. തന്റെ സ്കൂൾ കാലഘട്ടത്തിലെ മനോഹരമായ ഓർമകൾ സമ്മാനിച്ച പ്രണയത്തിലേക്ക് ഓർമകളിലൂടെ ഒരു മടക്കയാത്ര നടത്തുകയാണ് ഈ സിനിമയിലൂടെ നിതിൻ.

പ്രധാനമായും രണ്ടു കാലഘട്ടങ്ങൾ ഈ കഥയിൽ കടന്നു വരുന്നു. നിതിൻ- വർഷ എന്നിവരുടെ ടീനേജ് പ്രണയ കാലവും അവരുടെ വർത്തമാന കാലവും ആണ് ഈ ചിത്രത്തിൽ ചർച്ച ചെയ്യുന്നത്. തന്റെ ആദ്യ പ്രണയത്തെ വർഷങ്ങൾക്കു ശേഷം നിതിൻ വീണ്ടും കണ്ടു മുട്ടുന്നിടത്തു നിന്നാണ് ചിത്രത്തിന്റെ കഥാഗതി മാറുന്നത്. നിതിൻ എന്ന തന്റെ കഥാപാത്രത്തെ ഏറ്റവും മനോഹരമായി തന്നെ ദീപക് അവതരിപ്പിച്ചപ്പോള്‍ പ്രധാന നായികയെ അവതരിപ്പിച്ച പുതുമുഖം അനശ്വരയും നല്ല രീതിയിൽ തന്റെ ഭാഗം പൂർത്തിയാക്കി.

ആളുകളിലേക്ക് സിനിമയുടെ മുഴുവൻ ഫീലുമെത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. അതിനെ സഹായിക്കുന്ന രീതിയിൽ തന്നെയായിരുന്നു അരുൺ ജെയിംസ് ഒരുക്കിയ ഛായാഗ്രഹണവും രഞ്ജിൻ രാജിന്റെ സംഗീതവും.

വിഷ്ണു രാജിന്റെ കഥക്ക് സി ജി ശിവപ്രസാദും അപ്പു ശ്രീനിവാസ് നായരും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂവർക്കും പ്രേക്ഷകരെ പഴയ ഓർമകളിലേക്ക് കൊണ്ടുപോകുവാൻ സാധിച്ചിട്ടുണ്ട് എന്നത് തന്നെയാണ് അവരുടെ വിജയം. അരുൺ ജയിംസിന്റെ ക്യാമറയും ദൃശ്യ ഭംഗി ഒരുക്കുന്നതിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതില്‍ വിജയം കണ്ടു.

ബേസിൽ ജോസെഫ്, സുധീർ കരമന എന്നിവരും മികച്ച രീതിയിലാണ് തങ്ങളുടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച അശോകൻ, മാല പാർവതി, അലെൻസിയർ, നീന കുറുപ്പ്, ഇർഷാദ്, സാം സിബിൻ, എൽദോ മാത്യു, സിജോയ് വർഗീസ്, കോട്ടയം പ്രദീപ്, ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, ജെയിംസ് എന്നിവരും തങ്ങളുടെ വേഷങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചപ്പോൾ അഭിനേതാക്കളുടെ പ്രകടനം കൊണ്ട് തന്നെ ചിത്രം കണ്ടിരിക്കേണ്ട ഒന്നായി മാറിയിട്ടുണ്ട്.

അഭിലാഷ് ബാലചന്ദ്രന്റെ എഡിറ്റിംഗ് മികവ് ചിത്രത്തിന്റെ സാങ്കേതിക മികവ് വർധിപ്പിച്ചതിനോടൊപ്പം കഥ പറയുന്നതിന് ഒരൊഴുക്കും പകർന്നു നൽകി. C/O സൈറ ഭാനു, ബിടെക്ക്, സൺ‌ഡേ ഹോളിഡേ തുടങ്ങിയ മനോഹരമായ മികച്ച ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച Maqtro Pictures ഇത്തവണയും പതിവ് തെറ്റിച്ചില്ല മനോഹരമായ മറ്റൊരു സിനിമ കൂടെ മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുകയാണ് Maqtro Pictures.