സൈനിക വിന്യാസത്തിന് പിന്നാലെ കാശ്മീരിൽ കനത്ത ജാഗ്രത നിര്‍ദേശം; തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും എത്രയും പെട്ടെന്ന് മടങ്ങി പോകാന്‍ സര്‍ക്കാര്‍

single-img
2 August 2019

ഇന്നലെ മുതൽ 35,000 സൈനികരെ ജമ്മു കാശ്മീരില്‍ വിന്യസിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശം. കാശ്മീരിൽ തങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും എത്രയും പെട്ടെന്ന് മടങ്ങി പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ജമ്മു കാശ്മീർ സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഭ്യന്തര സെക്രട്ടറി പുറത്തുവിട്ട ഉത്തരവിലാണ് സുരക്ഷകാരണങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാന വിടാന്‍ സഞ്ചാരികളോടും തീര്‍ത്ഥാടകരോടും ആവശ്യപ്പെട്ടിരിക്കുന്നത്. അമർനാഥിലേക്കുള്ള തീര്‍ത്ഥാടകരെ ലക്ഷ്യം വച്ച് പാകിസ്താൻ തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുവെന്ന് സുരക്ഷാസേന തലവന്‍മാര്‍ വാര്‍ത്ത സമ്മേളനം നടത്തി അറിയിച്ചതിന് പിന്നാലെയാണ് അസാധാരണമായ ഉത്തരവ് .

ആഗസ്റ്റ് 15 വരെയാണ് അമര്‍നാഥ് തീര്‍ത്ഥാടനം. ഇതിനായി തീര്‍ത്ഥാടകരും വേനല്‍ക്കാലമായതിനാല്‍ സഞ്ചാരികളും ധാരാളമായി കാശ്മീരിലേക്ക് എത്തുന്ന സമയമാണിത്. സംസ്ഥാനത്തിൽ 10,000 സൈനികരെ വിന്യസിക്കാന്‍ കഴിഞ്ഞ ആഴ്ച സേനാമേധാവിമാരുടെ യോഗം തീരുമാനിച്ചിരുന്നു. അതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കാശ്മീരില്‍ സന്ദര്‍ശനത്തിനെത്തിയത്. സാധാരണയിൽ നിന്നും വിപരീതമായി സൈനികരെ വ്യോമമാര്‍ഗ്ഗം കാശ്മീരില്‍ എത്തിക്കാന്‍ വ്യോമസേനയ്ക്ക് നിര്‍ദേശം ലഭിച്ചു.