ഉന്നാവോ ഇരയുടെ വാഹനാപകടം; ബിജെപി എംഎല്‍എയും സഹോദരനും ഉൾപ്പെടെ 10 പേര്‍ക്കെതിരെ കേസെടുത്തു

single-img
29 July 2019

ഉന്നാവോയില്‍ ലൈംഗികാക്രമണ ഇരയായ പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ബിജെപി എംഎല്‍എയും സഹോദരനും ഉൾപ്പെടെ 10 പേര്‍ക്കെതിരെ കേസെടുത്തു. ബിജെപിയുടെ എംഎൽഎയായ കുല്‍ദീപ് സിങ് സെന്‍ഗാര്‍, സഹോദരന്‍ മനോജ് സിങ് സെംഗാര്‍ എന്നിവരാണു പ്രതിപ്പട്ടികയിലുള്ളത്. പ്രസ്തുത ലൈംഗികാക്രമണക്കേസില്‍ പ്രതിയാണ് കുല്‍ദീപ്.

ഇന്നലെയായിരുന്നു റായ്ബറേലിയില്‍ വെച്ച് അപകടമുണ്ടായത്. അപകടത്തിൽ ബിജെപി എംഎൽഎയ്ക്കെതിരെ ലൈംഗികാക്രമണ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയ്ക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേല്‍ക്കുകയും പെണ്‍കുട്ടിയുടെ ‘അമ്മ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

കുല്‍ദീപിനെതിരെയുള്ള ലൈംഗികാക്രമണക്കേസില്‍ സാക്ഷിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍.ഈ ആക്രമണം ആസൂത്രണം ചെയ്തത് എംഎല്‍എ സെന്‍ഗാര്‍ ആണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

‘ഞങ്ങൾക്കെതിരെ കുല്‍ദീപ് സിങ് സെന്‍ഗാറും അദ്ദേഹത്തിന്റെ അനുയായികളും കൂടി ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമാണ് ഇത്. അതില്‍ ഞങ്ങള്‍ക്ക് സംശയമില്ല.ഈ കേസ് പിന്‍വലിക്കാന്‍ നേരത്തെ തന്നെ ഭീഷണിയുണ്ടായിരുന്നു. ഇപ്പോഴുണ്ടായ ആക്രമണം പോലും ഭീഷണിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടത്തിയതാണ്. ഈ ഗ്രാമത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും അവര്‍ റായ്ബറേലി ജയിലിലേക്ക് പോകുകയായിരുന്നെന്ന് അറിയാമായിരുന്നു.’ എന്നായിരുന്നു പെണ്‍കുട്ടിയുടെ ബന്ധുവിന്റെ ആരോപണം.