ബംഗാളിൽ തൃണമൂൽ പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു; പിന്നില്‍ കോണ്‍ഗ്രസ് എന്ന് ആരോപണം

single-img
22 July 2019

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു. ഹുമൈപുർ ഗ്രാമപഞ്ചായത്തിലെ തൃണമൂൽ കോൺഗ്രസ് കൺവീനറായ സഫിയുൽ ഹസൻ(43) ആണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസിലേക്ക് സ്വന്തം കാറിൽ യാത്ര ചെയ്യുന്നതിനിടെ അക്രമി സംഘം മറ്റൊരു കാറിൽ എത്തി വഴിയിൽ തടഞ്ഞുനിർത്തി. കാറിൽ നിന്നിറങ്ങിയ ഹസനെ ഇവർ വളരെ അടുത്ത് നിന്ന് വെടിയുതിർത്ത് കൊലപ്പെടുത്തുകയായിരുന്നു.

മൃതദേഹത്തില്‍ നാല് ബുള്ളറ്റുകൾ ഏറ്റതായി കണ്ടെത്തി. ഹസന്റെ ഭാര്യ ഹുമൈപുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണ്. തലസ്ഥാനമായ കൊൽക്കത്തയിൽ നിന്ന് 200 കിലോമീറ്റർ ദൂരെയാണ് ഈ സ്ഥലം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രദേശത്ത് തൃണമൂൽ കോൺഗ്രസ് മികച്ച മുന്നേറ്റമുണ്ടാക്കിയത് ഹസന്റെ കൂടി മികവിലാണെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പ്രതികാരമായി കോൺഗ്രസാണ് കൊലപാതകം നടത്തിയതെന്നും ഇവർ ആരോപിച്ചു.

കഴിഞ്ഞ മാസം 15 ന് ഈ പ്രദേശത്ത് മൂന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. അതിന് പിന്നിലും കോൺഗ്രസും ഇടതുപാർട്ടികളുമാണെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിച്ചത്.ഹസന്റെ കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പോലീസ് പറഞ്ഞത്.