ചന്ദ്രയാന്‍-2വിന്റെ വിജയം; അവകാശവാദവുമായി കോണ്‍ഗ്രസും ബിജെപിയും

single-img
22 July 2019

ഇന്ന് നടന്ന ചന്ദ്രയാന്‍-2ന്‍റെ വിജയകരമായ വിക്ഷേപണത്തിന് ശേഷം അതിന്റെ അവകാശ തര്‍ക്കവുമായി കോണ്‍ഗ്രസും ബിജെപിയും. തങ്ങളുടെ ഭരണകാല സര്‍ക്കാറാണ് ചന്ദ്രയാന്‍-2ന്‍റെ വിജയത്തിന് പിന്നിലെന്ന് ഇരു പാര്‍ട്ടിയും അവകാശവാദമുന്നയിച്ച് രംഗത്തെത്തി.

2008ല്‍ യുപിഎ ഭരണത്തിൽ പ്രധാനമന്ത്രിയായ ഡോ. മന്‍മോഹന്‍ സിംഗാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്ന് കോണ്‍ഗ്രസ് ട്വിറ്ററിലൂടെ അവകാശപ്പെട്ടു. അതേപോലെ തന്നെ ഐഎസ്ആര്‍ഒയുടെ മുന്‍രൂപമായ ഐഎന്‍സിഒഎസ്പിഎആര്‍ സ്ഥാപിച്ച മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനും കോണ്‍ഗ്രസ് നന്ദി അറിയിച്ചു.

എന്നാൽ ചന്ദ്രയാന്‍-2ന്‍റെ വിജയത്തില്‍ ശാസ്ത്രജ്ഞര്‍ക്കാണ് അഭിമാനിക്കേനേറെയെന്ന് ട്വിറ്ററില്‍ വാദമുയര്‍ന്നു. രാജ്യത്തിന് അഭിമാന നിമിഷമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു. വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെയും എന്‍ജിനീയര്‍മാരെയും രാഷ്ട്രപതിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. ഐഎസ്ആര്‍ഒയെ ഇപ്പോഴുള്ള പുതിയ തലത്തിലേക്കുയര്‍ത്തിയ നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ട്വീറ്റ്.