പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ടു പോകാറുണ്ട്: തുറന്ന് പറഞ്ഞ് അലൻസിയർ

single-img
22 July 2019

പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ടു പോകാറുണ്ടെന്ന് നടൻ അലൻസിയർ. ന്യൂസ് 18 കേരള ചാനലിനു നൽകിയ അഭിമുഖത്തിലാണ് അലൻസിയർ ഇപ്രകാരം പറഞ്ഞത്. തനിക്കെതിരെ ഉയർന്ന മിടൂ ആരോപണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അലൻസിയർ.

നടി ദിവ്യാ ഗോപിനാഥാണ് അലന്‍സിയർക്കെതിരേ ആരോപണം ഉന്നയിച്ചത്. ആഭാസം എന്ന സിനിമയുടെ സെറ്റില്‍ വച്ച് അലന്‍സിയര്‍ മോശമായി പെരുമാറി എന്നായിരുന്നു ദിവ്യയുടെ ആരോപണം. ആദ്യം ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും പിന്നീട് ദിവ്യയോട് അലന്‍സിയര്‍ മാപ്പ് പറയുകയായിരുന്നു.

“എന്റെ പെരുമാറ്റം മോശമായി എന്നു തോന്നിയപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഞാന്‍ അവരോട് മാപ്പു പറഞ്ഞ ആളാണ്. പരസ്യമായി മാപ്പു പറയണമെന്നും പറഞ്ഞപ്പോഴും, ഒരു തവണ പറഞ്ഞയാളാണ്. പിന്നെന്തിനാ മറച്ചു വയ്ക്കുന്നേ എന്നു വിചാരിച്ചു. വളരെ സത്യസന്ധമായി തന്നെയാണ് മാപ്പ് പറഞ്ഞത്. ആ കുട്ടിക്ക് ഫീല്‍ ചെയ്തതു പോലെ ഒന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ചില നേരങ്ങളില്‍ എന്റെ വര്‍ത്തമാനവും സൗഹാര്‍ദ്ദവും കൈവിട്ടു പോകാറുണ്ട്. അത് ആണുങ്ങളോടായാലും, പെണ്ണുങ്ങളോടായാലും. അങ്ങനെ ഒരു പെരുമാറ്റം എന്നില്‍ നിന്നുണ്ടായപ്പോള്‍ ഞാന്‍ അന്നുതന്നെ അവരോട് മാപ്പു പറഞ്ഞയാളാണ്.”

അലൻസിയർ പറഞ്ഞു.

സൗഹൃദം വെറും തേങ്ങയല്ല എന്ന് മനസിലാക്കിയത് ആ നാളുകളിലായിരുന്നു എന്ന് അലന്‍സിയര്‍ പറയുന്നു. സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് താന്‍ ഇതെല്ലാം അറിയുന്നതെന്ന് അലന്‍സിയര്‍ പറയുന്നു. അന്ന് ബിജു മേനോന്‍, സന്ദീപ് സേനന്‍, സുധി കോപ്പ തുടങ്ങിയവര്‍ നല്‍കിയ പിന്തുണയും തന്നില്‍ അര്‍പ്പിച്ച വിശ്വാസവുമാണ് ഇപ്പോഴും താന്‍ ജീവിച്ചിരിക്കാന്‍ കാരണമെന്ന് അലന്‍സിയര്‍ പറയുന്നു.

“മലയാളത്തില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട മീ ടൂ എന്റെതാണ്. ഈ വാര്‍ത്ത കണ്ടപ്പോള്‍ എനിക്കാദ്യം ചിരിയാണ് വന്നത്. മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടന്‍. സത്യസന്ധമായി ആരെങ്കിലും എന്തെങ്കിലുമൊക്കെ തുറന്നു പറയാനുള്ള ആര്‍ജവം കാണിച്ചിരുന്നുവെങ്കില്‍.”


അലൻസിയർ പറഞ്ഞു.

അലന്‍സിയറിനെതിരെ ആരോപണം ഉയര്‍ന്ന സമയത്ത് ദിവ്യയ്ക്ക് പിന്തുണയുമായി അലന്‍സിയറിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയവരില്‍ പ്രമുഖ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും സംവിധായകൻ ആഷിക്ക് അബുവും ഉണ്ടായിരുന്നു ഉണ്ടായിരുന്നു. മീടൂ ആരോപണം വന്നപ്പോള്‍ സന്ധി സംഭാഷണത്തിനായി അലന്‍സിയര്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ തനിക്കവിടെ സൗഹൃദം ആയിരുന്നില്ല വലുതെന്നുമായിരുന്നു ശ്യാം പുഷ്‌കരന്റെ പ്രതികരണം. സൗഹൃദം തേങ്ങയാണ്, മനുഷ്യത്വമാണ് വലുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മൂന്ന് വര്‍ഷമായി മാത്രം തന്നെ അറിയാവുന്നവര്‍ കൂടെ നിന്നപ്പോള്‍ മുപ്പത് വര്‍ഷത്തെ പരിചയമുള്ളവര്‍ തള്ളിപ്പറയുകയാണ് ചെയ്തതെന്നും അത് ഏറെ മനപ്രയാസം ഉണ്ടാക്കിയെന്നും അലന്‍സിയര്‍ പറഞ്ഞു. ആ ദിവസങ്ങളില്‍ ബിജു മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ഒരു വീട്ടിലായിരുന്നു താന്‍ താമസിച്ചിരുന്നതെന്നും, മറിച്ച് ഹോട്ടലില്‍ ആയിരുന്നെങ്കില്‍ ജീവനോടെ ഉണ്ടാകില്ലായിരുന്നു എന്നും അലന്‍സിയര്‍ പറയുന്നു.