ശബരിമലയിൽ ആചാരവും സംസ്കാരവും നിലനിർത്തുമെന്ന ബിജെപിയുടെ വാഗ്ദാനം പൊള്ളയാണെന്ന് വ്യക്തമായി: ശശി തരൂർ

single-img
3 July 2019

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് സംജാതമായ ശബരിമല യുവതീപ്രവേശ വിഷയത്തിൽ ബിജെപിയുടെ കാപട്യം പുറത്തായതായി ശശി തരൂർ എംപി. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയമനിർമാണം കേന്ദ്രസർക്കാർ പരിഗണനയിലുണ്ടോയെന്നു ലോക്സഭയിൽ ചോദ്യമുന്നയിച്ചപ്പോൾ, വിഷയം കോടതിയുടെ പരിഗണനയിലാണെന്നാണു നിയമമന്ത്രി രവിശങ്കർ പ്രസാദ് മറുപടി പറഞ്ഞതെന്നു തരൂർ ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിലെ ആചാരവും സംസ്കാരവും നിലനിർത്തുമെന്ന ബിജെപിയുടെ വാഗ്ദാനം പൊള്ളയാണെന്ന് ഇതോടെ വ്യക്തമായെന്ന് തരൂർ ആരോപിച്ചു.

ലോക്‌സഭയുടെ ആദ്യ സ്വകാര്യ ബില്ലായി ശബരിമല ആചാരസംരക്ഷണബിൽ എൻകെ പ്രേമചന്ദ്രൻ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ക്ഷേത്രത്തിൽ തുടർന്ന് കൊണ്ടിരിക്കുന്ന ആചാരങ്ങൾ നിലനിർത്താൻ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് അവതരിപ്പിച്ചത്. ലോക്സഭ ഏകകണ്ഠമായാണു ബില്ലിന് അവതരണാനുമതി നല്‍കിയത്. എന്നാൽ അദ്ദേഹം അവതരിപ്പിച്ച സ്വകാര്യബില്‍ അപൂര്‍ണമാണെന്നും ശബരിമല ആചാര സംരക്ഷണത്തിനു സമഗ്രമായ നിയമനിര്‍മാണം വേണമെന്നും ബിജെപി എംപി മീനാക്ഷി ലേഖി ആവശ്യപ്പെട്ടിരുന്നു.