ശബരിമല: സുപ്രീം കോടതി വിധി മറികടക്കാൻ നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിന് പദ്ധതിയുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ട്? : ശശി തരൂർ ലോക്സഭയിൽ

single-img
3 July 2019

ശബരിമലയിലെ സ്ത്രീ പ്രവേശനം സാധ്യമാക്കിയ സുപ്രീം കോടതി വിധി മറികടക്കുന്നതിനായി നിയമനിർമ്മാണം നടത്താൻ കേന്ദ്രസർക്കാരിന് എന്തെങ്കിലും പദ്ധതിയുണ്ടോയെന്ന് ശശി തരൂർ എംപി ലോക്സഭയിൽ. എന്നാൽ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണെന്ന് മാത്രം മറുപടി പറഞ്ഞ് നിയമമന്ത്രാലയം ഒഴിഞ്ഞുമാറി.

എഴുതിനൽകിയ നക്ഷത്രച്ചിഹ്നമിട്ട ചോദ്യത്തിലാണ് തരൂർ കേന്ദ്രനിയമമന്ത്രാലയത്തോട് ഈ ചോദ്യമുന്നയിച്ചത്. ‘ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ മറികടക്കാൻ ഭരണഘടനാഭേദഗതിയടക്കമുള്ള നിയമനിർമാണം നടത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ എന്തൊക്കെയാണ്? ഇല്ലെങ്കിൽ കാരണം എന്ത്?’ എന്നിങ്ങനെയായിരുന്നു തരൂരിന്റെ ചോദ്യങ്ങൾ.

എന്നാൽ എല്ലാ ചോദ്യത്തിനും കൂടി ‘വിഷയം ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ പരിഗണനയിലാണ്’ എന്ന ഒറ്റവാചകത്തിലുള്ള മറുപടിയാണ് മന്ത്രാലയം നൽകിയിരിക്കുന്നത്.

നേരത്തേ ശബരിമലയിൽ യുവതീപ്രവേശനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് കൊല്ലം എംപി എങ്കെ പ്രേമചന്ദ്രൻ പാർലമെന്റിൽ ശ്രീധര്‍മശാസ്താ ടെമ്പിള്‍ (സ്‌പെഷല്‍ പ്രൊവിഷന്‍) ബില്‍ 2019 എന്നപേരിൽ ഒരു സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു.