ദുരൂഹത നീങ്ങുന്നു; ബാലഭാസ്‌ക്കറിന്റേത് അപകടമരണം തന്നെ; അപകട സമയത്ത് വാഹനം ഓടിയിരുന്നത് 100 കിലോമീറ്റര്‍ വേഗതയില്‍

single-img
2 July 2019

സംഗീത സംവിധായകന്‍ ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം അമിതവേഗമെന്ന് ശാസ്ത്രീയ നിഗമനം. അപകടത്തില്‍ പെട്ട കാര്‍ മരത്തിലിടിക്കുമ്പോള്‍ നിലച്ച സ്പീഡോമീറ്ററിലെ വേഗം മണിക്കൂറില്‍ 100 കിലോമീറ്റര്‍ ആയിരുന്നു.

അപകടം സംഭവിക്കുന്നതിന് തൊട്ടുമുന്‍പ് മണിക്കൂറില്‍ നൂറിനും നൂറ്റിയിരുപത് കിലോമീറ്ററിനുമിടയിലായിരുന്നു കാറിന്റെ വേഗമെന്ന് മോട്ടോര്‍വാഹന വകുപ്പും കാര്‍ കമ്പനിയും നല്‍കിയ സംയുക്ത റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് സംഘം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനു കൈമാറി.

ശാസ്ത്രീയ അന്വേഷണ സംഘം വാഹനാപകടം പുനരാവിഷ്കരിച്ച് ഉൾപ്പെടെ പരിശോധനകൾ നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചതാരാണെന്നു കണ്ടെത്താൻ ഡ്രൈവിങ് സീറ്റിൽ നിന്നു ശേഖരിച്ച രക്തസാംപിളുകളും മുടിയും ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. ഇവയുടെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല.

ബാല ഭാസ്‌കറുടെ അപകട മരണവും സ്വർണക്കടത്തുമായി നേരിട്ടു ബന്ധം സൂചിപ്പിക്കുന്ന തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2018 സെപ്റ്റംബര്‍ 25-നു തിരുവനന്തപുരം പള്ളിപ്പുറത്തുവച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച് കാർ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുതന്നെ മരിച്ചു. ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയിലും മരിച്ചു. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.