പിഎം മാനോജിനെ ദേശാഭിമാനി റസിഡൻറ് എഡിറ്റർ സ്ഥാനത്ത് നിന്നും മാറ്റി; ഇനി മുതല്‍ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി

single-img
16 June 2019

ദേശാഭിമാനിയുടെ റസിഡൻറ് എഡിറ്റർ പിഎം മാനോജിനെ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവുമായുള്ള ഭിന്നതയെ തുടർന്നാണ് ദേശാഭിമാനിയിൽ നിന്നുള്ള മാറ്റമെന്നാണ് സൂചന. ദേശാഭിമാനിക്കുള്ളില്‍ നിലനിന്നിരുന്ന ഏറെനാളായുള്ള പടലപ്പിണക്കങ്ങളാണ് മാറ്റത്തിനുള്ള കാരണം.

പിഎം മനോജ്‌ കൈക്കൊണ്ട പലതീരുമാനങ്ങൾക്കുമെതിരെ പാർട്ടിക്ക് പരാതി കിട്ടിയിരുന്നു. അതിനിടയിലും മുഖ്യമന്ത്രിയുമായി നല്ല അടുപ്പമുണ്ടായിരുന്ന മനോജ് മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിലേക്ക് മാറാനുള്ള ശ്രമം നടത്തി. എന്നാല്‍ പിഎം മനോജ്‌ ദേശാഭിമാനിയിൽ നിന്ന് മറ്റ് പദവികളിലേക്ക് പോകുന്നതിനോട് കോടിയേരി ബാലകൃഷ്ണന് യോജിപ്പുണ്ടായിരുന്നില്ല.

അതിനിടയില്‍ പി രാജീവും മനോജും തമ്മിലെ ഭിന്നത ഇടക്കാലത്ത് രൂക്ഷമായതോടെയാണ് കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് മനോജിനെ ദേശാഭിമാനിയിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്. അപ്പോള്‍ തൻറെ ഓഫീസിൽ ഒഴിവുള്ള അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മനോജിനെ നിയമിക്കാമെന്ന നിർദ്ദേശം മുഖ്യമന്ത്രി മുന്നോട്ട് വെക്കുകയായിരുന്നു. ഈ സ്ഥാനത്തുണ്ടായിരുന്ന ടി വേലായുധൻ വ്യക്തിപരമായ കാരണങ്ങളാൽ അടുത്തിടെ രാജിവെച്ചിരുന്നു.

അങ്ങിനെ പിആർഡിയുടേയും മാധ്യമങ്ങളുടേയും ചുമതലയുള്ള അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി മനോജിനെ നിയമിക്കുകയായിരുന്നു. തന്നെ ദേശാഭിമാനി റസിഡൻറ് എഡിറ്റ‌ർ സ്ഥാനത്തും നിന്നും മാറ്റിയതല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ പുതിയ പദവി ഏറ്റെടുക്കാനായി ദേശാഭിമാനിയിൽ നിന്നും അവധി എടുത്തതാണെന്നും മനോജ് വിശദീകരിച്ചു.