സിപിഐയില്‍ മന്ത്രിമാരാകാനുളള മാനദണ്ഡം അഞ്ചടിയില്‍ താഴെ പൊക്കവും 90 ശതമാനവും കഷണ്ടിയും; വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് എംഎല്‍എ വി പി സജീന്ദ്രന്‍

single-img
13 June 2019

സിപിഐയില്‍ മന്ത്രിമാർ ആകാനുള്ള മാനദണ്ഡം അഞ്ചടിയില്‍ താഴെ പൊക്കവും 90 ശതമാനവും കഷണ്ടിയും എന്ന വിവാദ പരാമർശവുമായി നിയമസഭയിൽ കോണ്‍ഗ്രസ് എംഎല്‍എ വി പി സജീന്ദ്രന്‍. കുന്നത്തുനാട്ടില്‍ വിവാദമായ 15 ഏക്കര്‍ നികത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി സംസാരിക്കുമ്പോഴായിരുന്നു എംഎല്‍എയുടെ പരാമർശം ഉണ്ടായത്.

സംസ്ഥാനത്തിൽ റവന്യൂ മന്ത്രിയുടെ ഓഫീസിന് മുകളില്‍ മറ്റൊരു ഓഫീസ് ഉണ്ടെന്നും അത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും അദ്ദേഹം പറഞ്ഞതിന് പിന്നാലെയായിരുന്നു സിപിഐ മന്ത്രിമാരെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവന.

‘സിപിഐയില്‍ മന്ത്രിമാർ ആകാനുള്ള മാനദണ്ഡം അഞ്ചടിയില്‍ താഴെ പൊക്കം, 90% കഷണ്ടി’ എന്ന് എംഎൽഎ പറഞ്ഞതിന് പിന്നാലെ പ്രതിഷേധമുയര്‍ന്നു. സഭയിൽ പ്രതിഷേധം ശക്തമായതോടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സഭാരേഖയില്‍ നിന്നും പരാമര്‍ശം നീക്കുകയും ചെയ്തു.